Saturday 17 May 2014

വരേണ്ടിയിരുന്നില്ല

“ഉണ്ണിമോന്റെ കല്യാണാണ്...വിളിക്കാന്‍ വന്നതാ”

കോളേജിലേക്ക് പോകാന്‍ മുകളീന്നിറങ്ങുമ്പോഴേ കണ്ടിരുന്നു താഴെ അമ്മയുമായി സംസാരിച്ചു നില്‍ക്കുന്ന ഉണ്ണിമോനെ..ഞാന്‍ ഉണ്ണിമോനെ നോക്കി ചിരിക്കാന്‍ നോക്കി.പതിവുപോലെ ഉണ്ണിമോന്‍ എന്റെ കണ്ണുകളെ അവഗണിച്ചു പിടഞ്ഞു നീങ്ങുന്ന കണ്ണുകളുമായി എങ്ങോട്ടൊക്കെയോ നോക്കി.ആ നോട്ടത്തിന്റെ ദൂരപരിധിക്കൊക്കെ അപ്പുറത്ത് ഞാന്‍ വീണ്ടും നിസ്സഹായയായി!

“എന്നാ കല്യാണം?” ചോദ്യം ഉണ്ണിമോനോടായിരുന്നെങ്കിലും ഉത്തരം പറഞ്ഞത് അമ്മ തന്നെയായിരുന്നു.

“വരണ തിങ്കളാഴ്ച”

“എന്നെ ക്ഷണിക്കണില്ല്യേ?” മറുപടി പറഞ്ഞത് ഉണ്ണിമോനാണ്.പതിഞ്ഞ ശബ്ദത്തില്‍.തല താഴ്ത്തി..

“വലുതാക്കീട്ടൊന്നൂല്യാ..ചുരുക്ക്യാ കഴിക്കണേ..കൊടുത്തോടത്തൊന്നും പറേണില്ല്യാച്ചു..”

എന്റെ മുഖം വിവര്‍ണമായിക്കാണണം.ഞാന്‍ ഇല്ലാത്ത തിരക്കും വരാത്ത ബസ്സും കാരണമാക്കി തിരക്കിട്ടു മുന്നോട്ടു നടന്നു.യാത്ര പറയാതെ..

“കൊടുത്തോടത്ത്..കൊടുത്തോടത്ത്..”ആ വാക്കുകള്‍ കാതില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു..ആരു ആരെ ആര്‍ക്കാണ് കൊടുത്തത്?കാലിക്കച്ചവടം പോലെ എന്നെ ആര്‍ക്കാണ് കൊടുത്തത്?
വഴിയില്‍ ചിരിക്കുന്ന മുഖങ്ങള്‍...ആ ചിരിയൊക്കെ കൃത്രിമമാണ്..ഒറ്റയെണ്ണത്തിനും ചിരിക്കാനറിയില്ല.എന്റെ ചിരി...ഇതിലും കാണും കൃത്രിമത്വം..അല്ലേ?പണ്ടത്തെപ്പോലെ ഹൃദയം തുറന്ന് ചിരിക്കാനാവുന്നുണ്ടോ?ഹൃദയം തുറന്ന് കരയാനാകുന്നുണ്ടോ?പണ്ടൊക്കെ ഈ വഴിയിലൂടെ നടക്കാറില്ലായിരുന്നു..ഓടുകയേ ചെയ്യാറുള്ളൂ..ഓടിയോടി ചെന്നു നില്‍ക്കുക മാധവ്യേടത്തീടെ വിശാലമായ വീട്ടുമുറ്റത്തായിരിക്കും..കപ്പലുമാങ്ങ വീണു കിടക്കുന്ന മാവിന്റെ ചുവട്ടില്‍ കല്ലുകളിയിലേര്‍പ്പെട്ടിരിക്കുന്ന കൂട്ടുകാര്‍..കളി തുടങ്ങീട്ടുണ്ടെങ്കില്‍ നിരാശയാണ്..ഇടയ്ക്ക് വെച്ച് കളിക്കാന്‍ കൂട്ടില്ലാ.കളി തീരാനായുള്ള അക്ഷമയോടെയുള്ള കാത്തിരിപ്പ്...
“അണ്ടന്‍ മുണ്ടന്‍ തൊണ്ടന്‍”(ചിലയിടത്ത് ലണ്ടന്‍ ലണ്ടന്‍ ലണ്ടന്‍)എന്ന് ഉറക്കെ പറയുമ്പോ പ്രതിമയായി നില്‍ക്കുന്ന പെണ്‍കുട്ടി..”മേടാസ്”എന്നുറക്കെ വിളിച്ച് കണ്ണിനു മുകളിലെ കല്ലു കളയാതെ വര ചവിട്ടാതെ മുന്നോട്ടു നീങ്ങുന്ന നാലാം ക്ലാസ്സുകാരി..കുപ്പിവളകള്‍ സൂക്ഷിച്ചു വെച്ച് വളപ്പൊട്ടു കളിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ആ കുട്ടി ഞാനായിരുന്നോ?ഇല്ലാത്ത ഗൌരവം ചുണ്ടില്‍ തിരുകി നീങ്ങുന്ന ഈ ഞാന്‍!!!

ഓര്‍മ്മയുടെ അടരുകളൊക്കെ നീങ്ങി നീങ്ങി പുറകോട്ടു പോകുമ്പോ അവ്യക്തയുടെ മഞ്ഞുപാളികള്‍ പൊതിഞ്ഞ ആ വഴിയുടെ അങ്ങേയറ്റത്ത് ഉണ്ണിമോന്‍ നില്‍പ്പുണ്ട്..ഇന്നു കണ്ട ഉണ്ണിമോനല്ല..ആ കണ്ണുകളിലിന്നുള്ള ദൈന്യതയ്ക്കു പകരം അതിരു കവിഞ്ഞ ആത്മവിശ്വാസമാണ്..ചുറ്റുമുള്ള പെണ്‍കുട്ടികള്‍ക്കു ആകെക്കൂടിയുള്ള കളിക്കൂട്ടുകാരനാണ്..അവര്‍ വഴക്കിടുന്നത്..പിണങ്ങിപ്പോകുന്നത് പലപ്പോഴും അവനു വേണ്ടിയായിരുന്നു..കളിയല്ല കല്യാണമെന്ന് അന്നറിയില്ലായിരുന്നു..അന്ന് കല്യാണമായിരുന്നു പ്രധാന കളി..വാഴനാരു കൊണ്ട് നീണ്ട മുടിയുണ്ടാക്കി..ചെമ്പരത്തിപ്പൂക്കള്‍ ചൂടി വധുവായി തല കുനിച്ച് മടലുവിളക്കിന്റെ ചുറ്റും പ്രദക്ഷിണം വെച്ചുള്ള ആ കല്യാണക്കളിയില്‍ വരനെന്നും ഒരാളായിരുന്നു..വധു ഊഴമനുസരിച്ച് മാറിമാറി വരും..കൂട്ടത്തില്‍ ഇളയ ഞാന്‍ പലപ്പോഴും അവഗണിക്കപ്പെട്ടിരുന്നു താനും..ഒരിക്കല്‍ സങ്കടം സഹിക്കാനാവാതെ”ഇന്നലെ സുഷേനെയല്ലേ കല്യാണം കഴിച്ചേ..ഇന്നെന്നെ കഴിച്ചൂടേ”ന്നും ചോദിച്ച് പിണങ്ങി വീട്ടിലേക്കോടിയതോര്‍ത്ത് പിന്നീട് ചിരിച്ചിട്ടുണ്ട്..

ഉണ്ണിമോന്‍ ഞങ്ങള്‍ക്കിടയിലെ ഏകചത്രാധിപതിയായി വിലസി..ഉണ്ണിമോന്‍ പറയുന്നതേ ഞങ്ങള്‍ അനുസരിച്ചുള്ളൂ..ഉണ്ണിമോന്‍ നിശ്ചയിക്കുന്ന കളിയേ കളിച്ചുള്ളൂ..

വല്യേ കുട്ട്യായപ്പോ എന്റെ കളികളെയും സര്‍ക്കീട്ടുകളേയും അമ്മ തടഞ്ഞു..ചോറുണ്ടു കഴിഞ്ഞാല്‍ പതുങ്ങിയെത്തുന്ന മകളെ കണ്ണുരുട്ടി മടക്കി..അച്ഛന്‍ ചില പിന്തിരിപ്പന്‍ മൂരാച്ചി നിര്‍ദ്ദേശങ്ങള്‍ അമ്മയ്ക്കു നല്‍കിയിരുന്നു അന്ന്..എന്നെ പുറത്തേക്കധികം വിടണ്ടാ...ഇവിടെ വെച്ചുള്ള കളിയൊക്കെ മതി..എന്നൊക്കെ .സര്‍വപിന്തുണയുമായി ചേച്ചീം ചേട്ടനും രംഗത്തു വന്നതോടെ ഞാന്‍ ബന്ധനസ്ഥയായ അനിരുദ്ധയായി!!അപ്പുറത്തെ പറമ്പില്‍ കളിയുടെ ആരവമുയരുമ്പോള്‍ ഞാന്‍ കള്ളിച്ചെല്ലമ്മയിലെ ഷീലയെപ്പോലെ അവിടേക്കും നോക്കി നെടുവീര്‍പ്പിടും..അമര്‍ചിത്രകഥയിലെ നായകനെപ്പോലെ എന്നെ ആ കളിക്കൂട്ടത്തിലേക്കു കുതിരപ്പുറത്തു കൊണ്ടു പോകാന്‍ ഒരു നായകനും വന്നില്ല!

“ദീപ കളിക്കാന്‍ വരണുണ്ടാ?”ന്നും ചോദിച്ച് ചിലപ്പോള്‍ ഉണ്ണിമോന്‍ ആ ജനാലയ്ക്കരികില്‍ വരും..”എന്നെ വിടണില്ല്യാ”ന്നും പറഞ്ഞ് ഞാന്‍ കരയാന്‍ തുടങ്ങുംപ്പോഴേക്കും അവന്‍ ഓടി മറഞ്ഞിട്ടുണ്ടാവും..ചിലപ്പോ ഞാന്‍ വേറൊരു അടവെടുക്കും..”ഞാനില്ല്യാച്ചാലും നിങ്ങളു കളിക്കണില്ലേ..അതു മതി’എന്നും പറഞ്ഞ് വിശാലമനസ്കയാവും..”ദീപയില്ല്യാച്ചാ ഞങ്ങളും കളിക്കണില്ല്യാ”എന്ന മറുപടി പ്രതീക്ഷിച്ചാണ് ഞാനിത് പറയുന്നത്..ഒരിക്കലും ആ മറുപടി എനിക്കു കിട്ടിയില്ല.”പോട്ടേട്ടാ..കളീരെടേന്നാ..”ന്നും പറഞ്ഞ് അവന്‍ ഓടിപ്പോകുമ്പോ എന്റെ പ്രതീക്ഷ്യൊക്കെ സോപ്പുകുമിളകള്‍ പോലെ പൊട്ടിത്തകരും..ഇവനെന്നോടൊരു സ്നേഹോല്ല്യേ?പണ്ട് കളിക്കിടയില്‍ ഒരിക്കല്‍ ഇഅവ്ന്റെ ദേഹത്തേക്കു ചെരിഞ്ഞ വല്യ കാളവണ്ടിചക്രത്തെ ഞാനല്ലേ കൈകള്‍ കൊണ്ട് തടുത്ത് അവനെ രക്ഷിച്ചത്?അന്നു കമ്മ്യൂണിസ്റ്റുപച്ചയുടെ നീരിനപ്പുറം ഇവന്റെ ഹൃദയത്തില്‍ ഒരു നീരുറവ പോലും എന്റ്റെ നേര്‍ക്കുണ്ടായില്ലേ?കൈകള്‍ ചതഞ്ഞപ്പോഴും കമ്യൂണിസ്റ്റുപച്ച യുടെ നീരു പുരട്ടിയപ്പോ പൊള്ളിയപ്പോഴും ഞാന്‍ കൂട്ടുകാരനെ രക്ഷിക്കാനായതിന്റെ ആത്മനിര്‍വൃതിയിലായിരുന്നു..”കൂട്ടുകാരാ ഞെരിയുന്ന കൈവിരല്‍ കോര്‍ത്തു ഞാന്‍ നിന്റെ തേരുരുള്‍ കാക്കിലും ഓര്‍ത്തുവെക്കില്ലൊരിക്കലുമാക്കടം”എന്നു പാടാന്‍ അന്ന് വിജയലക്ഷ്മീടെ കവിത ഞാന്‍ വായിച്ചിട്ടുണ്ടായിരുന്നില്ല.

ഉണ്ണിമോന്‍ എട്ടിലോ മറ്റോ സ്കൂളുമായുള്ള ബന്ധമവസാനിപ്പിച്ചു..പ്രാരാബ്ദങ്ങള്‍ തുടര്‍ന്നുള്ള പഡനത്തെ വഴിമുടക്കി.അഞ്ചു പെങ്ങന്മാര്‍,..ജോലിയില്ലാത്ത അച്ഛന്‍...ഒക്കെക്കൂടി അവനെ ഞെരുക്കി...യൂണിഫോമിട്ട് ഞങ്ങള്‍ സ്കൂളിലേക്കു നടക്കുമ്പോ ഉണ്ണിമോന്‍ ഒരു പഴയ ചോറ്റുപാത്രവും പിടിച്ച് ചിലപ്പോ ഇടവഴിയില്‍ ഞങ്ങള്‍ക്കു മുന്നില്‍ നടക്കും...കല്ലൊരയ്ക്കു പോകാന്‍ തുടങ്ങിയിരുന്നു അവനപ്പോ...ഞങ്ങള്‍ വിളിച്ചാലും കേള്‍ക്കാത്ത പോലെ വേഗം നടക്കും..തലയും കുമ്പിട്ട്...നേരിട്ടു കാണുമ്പോ ഞാന്‍ ചിരിക്കും..ഉണ്ണിമോന്‍ ദേഷ്യത്തോടെ മുഖം തിരിക്കും..അന്നെനിക്കതിന്റെ കാരണം പിടികിട്ടിയിരുന്നില്ല...ഇന്നെനിക്കതറിയാം..കോളേജില്‍ ഇടയ്ക്ക് ചില കുട്ടികളുടെ ചിരികള്‍ മാഞ്ഞു പോകുന്നത് കാണുംമ്പോ ഞാന്‍ ഉണ്ണിമോനെ ഓര്‍ക്കും....

എന്തു വന്നാലും ആ കല്യാണത്തിനു പോണമെന്നു തന്നെ ഞാന്‍ നിശ്ചയിച്ചു...എന്നെ വിളിക്കണ്ട..എന്നാലും പോവും..കോളേജീന്ന് ലീവെടുത്ത് ഞാന്‍ ഉണ്ണിമോന്റെ കല്യാണത്തിനു പോയി...ഒരു ചെറിയ ഹാളിലായിരുന്നു കല്യാണം..എന്നെ കണ്ടപ്പോ ഉണ്ണിമോന്റെ കണ്ണുകള്‍ വിടര്‍ന്നു...അത്ഭുതം കൊണ്ട്...ആ പഴയ ചിരി..കൂടെയുണ്ടായിരുന്ന വധുവിനു എന്നെ പരിചയപ്പെടുത്തിക്കൊടുത്തു...
“ഇത്,....നമ്മടെ വീടിന്റെ അടുത്തുള്ള ടീച്ചറാ...കേരളവര്‍മ്മേലെ...കോളേജിലാ..”വിക്കി വിക്കിയുള്ള ആ വാക്കുകള്‍ക്കിടയില്‍ അവന്‍ പഴയ പോലെ അധികാരത്തോടെ “ദീപേ”എന്നൊന്നു വിളിച്ചിരുന്നെങ്കില്‍ എന്നു ഞാനോര്‍ത്തു...ഇതല്ല ..ഇതല്ല ഞാന്‍..എന്ന് ആ പെണ്‍കുട്ടിയോട് ഉറക്കെ വിളിച്ചു പറയാന്‍ തോന്നി...”എന്റെ കൂട്ടുകാര്യാ”ന്നും പറഞ്ഞ് ഇവനെന്നെ പരിചയപ്പെടുത്താമായിരുന്നില്ലേ??ഞാന്‍ അപമാനിതയായി..അവഗണിക്കപ്പെട്ട അതിഥിയായി...ഉണ്ണിമോന്‍ അമ്മയേയും പെങ്ങന്മാരേയും വിളിച്ച് സ്വീകരണയോഗത്തിനു കൊഴുപ്പു കൂട്ടാന്‍ ശ്രമിച്ചെങ്കിലും പിന്നെ അവിടെ നില്‍ക്കാന്‍ തോന്നിയില്ല..തിരക്കുണ്ട്..കോളേജീപ്പോണമെന്നു പറഞ്ഞ് തിരിഞ്ഞു നടന്നു...മനസ്സു പറയുന്നുണ്ടായിരുന്നു...”വരേണ്ടിയിരുന്നില്ല..വരേണ്ടിയിരുന്നില്ല..”


By,
Deepa Nisanth (Writer)
Asst. Professor
Malayalam Department Since 2011
1996-2003 (Pre Degree, BA Malayalam, MA Malayalam @ Sree Kerala Varma College)