Saturday 17 May 2014

വരേണ്ടിയിരുന്നില്ല

“ഉണ്ണിമോന്റെ കല്യാണാണ്...വിളിക്കാന്‍ വന്നതാ”

കോളേജിലേക്ക് പോകാന്‍ മുകളീന്നിറങ്ങുമ്പോഴേ കണ്ടിരുന്നു താഴെ അമ്മയുമായി സംസാരിച്ചു നില്‍ക്കുന്ന ഉണ്ണിമോനെ..ഞാന്‍ ഉണ്ണിമോനെ നോക്കി ചിരിക്കാന്‍ നോക്കി.പതിവുപോലെ ഉണ്ണിമോന്‍ എന്റെ കണ്ണുകളെ അവഗണിച്ചു പിടഞ്ഞു നീങ്ങുന്ന കണ്ണുകളുമായി എങ്ങോട്ടൊക്കെയോ നോക്കി.ആ നോട്ടത്തിന്റെ ദൂരപരിധിക്കൊക്കെ അപ്പുറത്ത് ഞാന്‍ വീണ്ടും നിസ്സഹായയായി!

“എന്നാ കല്യാണം?” ചോദ്യം ഉണ്ണിമോനോടായിരുന്നെങ്കിലും ഉത്തരം പറഞ്ഞത് അമ്മ തന്നെയായിരുന്നു.

“വരണ തിങ്കളാഴ്ച”

“എന്നെ ക്ഷണിക്കണില്ല്യേ?” മറുപടി പറഞ്ഞത് ഉണ്ണിമോനാണ്.പതിഞ്ഞ ശബ്ദത്തില്‍.തല താഴ്ത്തി..

“വലുതാക്കീട്ടൊന്നൂല്യാ..ചുരുക്ക്യാ കഴിക്കണേ..കൊടുത്തോടത്തൊന്നും പറേണില്ല്യാച്ചു..”

എന്റെ മുഖം വിവര്‍ണമായിക്കാണണം.ഞാന്‍ ഇല്ലാത്ത തിരക്കും വരാത്ത ബസ്സും കാരണമാക്കി തിരക്കിട്ടു മുന്നോട്ടു നടന്നു.യാത്ര പറയാതെ..

“കൊടുത്തോടത്ത്..കൊടുത്തോടത്ത്..”ആ വാക്കുകള്‍ കാതില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു..ആരു ആരെ ആര്‍ക്കാണ് കൊടുത്തത്?കാലിക്കച്ചവടം പോലെ എന്നെ ആര്‍ക്കാണ് കൊടുത്തത്?
വഴിയില്‍ ചിരിക്കുന്ന മുഖങ്ങള്‍...ആ ചിരിയൊക്കെ കൃത്രിമമാണ്..ഒറ്റയെണ്ണത്തിനും ചിരിക്കാനറിയില്ല.എന്റെ ചിരി...ഇതിലും കാണും കൃത്രിമത്വം..അല്ലേ?പണ്ടത്തെപ്പോലെ ഹൃദയം തുറന്ന് ചിരിക്കാനാവുന്നുണ്ടോ?ഹൃദയം തുറന്ന് കരയാനാകുന്നുണ്ടോ?പണ്ടൊക്കെ ഈ വഴിയിലൂടെ നടക്കാറില്ലായിരുന്നു..ഓടുകയേ ചെയ്യാറുള്ളൂ..ഓടിയോടി ചെന്നു നില്‍ക്കുക മാധവ്യേടത്തീടെ വിശാലമായ വീട്ടുമുറ്റത്തായിരിക്കും..കപ്പലുമാങ്ങ വീണു കിടക്കുന്ന മാവിന്റെ ചുവട്ടില്‍ കല്ലുകളിയിലേര്‍പ്പെട്ടിരിക്കുന്ന കൂട്ടുകാര്‍..കളി തുടങ്ങീട്ടുണ്ടെങ്കില്‍ നിരാശയാണ്..ഇടയ്ക്ക് വെച്ച് കളിക്കാന്‍ കൂട്ടില്ലാ.കളി തീരാനായുള്ള അക്ഷമയോടെയുള്ള കാത്തിരിപ്പ്...
“അണ്ടന്‍ മുണ്ടന്‍ തൊണ്ടന്‍”(ചിലയിടത്ത് ലണ്ടന്‍ ലണ്ടന്‍ ലണ്ടന്‍)എന്ന് ഉറക്കെ പറയുമ്പോ പ്രതിമയായി നില്‍ക്കുന്ന പെണ്‍കുട്ടി..”മേടാസ്”എന്നുറക്കെ വിളിച്ച് കണ്ണിനു മുകളിലെ കല്ലു കളയാതെ വര ചവിട്ടാതെ മുന്നോട്ടു നീങ്ങുന്ന നാലാം ക്ലാസ്സുകാരി..കുപ്പിവളകള്‍ സൂക്ഷിച്ചു വെച്ച് വളപ്പൊട്ടു കളിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ആ കുട്ടി ഞാനായിരുന്നോ?ഇല്ലാത്ത ഗൌരവം ചുണ്ടില്‍ തിരുകി നീങ്ങുന്ന ഈ ഞാന്‍!!!

ഓര്‍മ്മയുടെ അടരുകളൊക്കെ നീങ്ങി നീങ്ങി പുറകോട്ടു പോകുമ്പോ അവ്യക്തയുടെ മഞ്ഞുപാളികള്‍ പൊതിഞ്ഞ ആ വഴിയുടെ അങ്ങേയറ്റത്ത് ഉണ്ണിമോന്‍ നില്‍പ്പുണ്ട്..ഇന്നു കണ്ട ഉണ്ണിമോനല്ല..ആ കണ്ണുകളിലിന്നുള്ള ദൈന്യതയ്ക്കു പകരം അതിരു കവിഞ്ഞ ആത്മവിശ്വാസമാണ്..ചുറ്റുമുള്ള പെണ്‍കുട്ടികള്‍ക്കു ആകെക്കൂടിയുള്ള കളിക്കൂട്ടുകാരനാണ്..അവര്‍ വഴക്കിടുന്നത്..പിണങ്ങിപ്പോകുന്നത് പലപ്പോഴും അവനു വേണ്ടിയായിരുന്നു..കളിയല്ല കല്യാണമെന്ന് അന്നറിയില്ലായിരുന്നു..അന്ന് കല്യാണമായിരുന്നു പ്രധാന കളി..വാഴനാരു കൊണ്ട് നീണ്ട മുടിയുണ്ടാക്കി..ചെമ്പരത്തിപ്പൂക്കള്‍ ചൂടി വധുവായി തല കുനിച്ച് മടലുവിളക്കിന്റെ ചുറ്റും പ്രദക്ഷിണം വെച്ചുള്ള ആ കല്യാണക്കളിയില്‍ വരനെന്നും ഒരാളായിരുന്നു..വധു ഊഴമനുസരിച്ച് മാറിമാറി വരും..കൂട്ടത്തില്‍ ഇളയ ഞാന്‍ പലപ്പോഴും അവഗണിക്കപ്പെട്ടിരുന്നു താനും..ഒരിക്കല്‍ സങ്കടം സഹിക്കാനാവാതെ”ഇന്നലെ സുഷേനെയല്ലേ കല്യാണം കഴിച്ചേ..ഇന്നെന്നെ കഴിച്ചൂടേ”ന്നും ചോദിച്ച് പിണങ്ങി വീട്ടിലേക്കോടിയതോര്‍ത്ത് പിന്നീട് ചിരിച്ചിട്ടുണ്ട്..

ഉണ്ണിമോന്‍ ഞങ്ങള്‍ക്കിടയിലെ ഏകചത്രാധിപതിയായി വിലസി..ഉണ്ണിമോന്‍ പറയുന്നതേ ഞങ്ങള്‍ അനുസരിച്ചുള്ളൂ..ഉണ്ണിമോന്‍ നിശ്ചയിക്കുന്ന കളിയേ കളിച്ചുള്ളൂ..

വല്യേ കുട്ട്യായപ്പോ എന്റെ കളികളെയും സര്‍ക്കീട്ടുകളേയും അമ്മ തടഞ്ഞു..ചോറുണ്ടു കഴിഞ്ഞാല്‍ പതുങ്ങിയെത്തുന്ന മകളെ കണ്ണുരുട്ടി മടക്കി..അച്ഛന്‍ ചില പിന്തിരിപ്പന്‍ മൂരാച്ചി നിര്‍ദ്ദേശങ്ങള്‍ അമ്മയ്ക്കു നല്‍കിയിരുന്നു അന്ന്..എന്നെ പുറത്തേക്കധികം വിടണ്ടാ...ഇവിടെ വെച്ചുള്ള കളിയൊക്കെ മതി..എന്നൊക്കെ .സര്‍വപിന്തുണയുമായി ചേച്ചീം ചേട്ടനും രംഗത്തു വന്നതോടെ ഞാന്‍ ബന്ധനസ്ഥയായ അനിരുദ്ധയായി!!അപ്പുറത്തെ പറമ്പില്‍ കളിയുടെ ആരവമുയരുമ്പോള്‍ ഞാന്‍ കള്ളിച്ചെല്ലമ്മയിലെ ഷീലയെപ്പോലെ അവിടേക്കും നോക്കി നെടുവീര്‍പ്പിടും..അമര്‍ചിത്രകഥയിലെ നായകനെപ്പോലെ എന്നെ ആ കളിക്കൂട്ടത്തിലേക്കു കുതിരപ്പുറത്തു കൊണ്ടു പോകാന്‍ ഒരു നായകനും വന്നില്ല!

“ദീപ കളിക്കാന്‍ വരണുണ്ടാ?”ന്നും ചോദിച്ച് ചിലപ്പോള്‍ ഉണ്ണിമോന്‍ ആ ജനാലയ്ക്കരികില്‍ വരും..”എന്നെ വിടണില്ല്യാ”ന്നും പറഞ്ഞ് ഞാന്‍ കരയാന്‍ തുടങ്ങുംപ്പോഴേക്കും അവന്‍ ഓടി മറഞ്ഞിട്ടുണ്ടാവും..ചിലപ്പോ ഞാന്‍ വേറൊരു അടവെടുക്കും..”ഞാനില്ല്യാച്ചാലും നിങ്ങളു കളിക്കണില്ലേ..അതു മതി’എന്നും പറഞ്ഞ് വിശാലമനസ്കയാവും..”ദീപയില്ല്യാച്ചാ ഞങ്ങളും കളിക്കണില്ല്യാ”എന്ന മറുപടി പ്രതീക്ഷിച്ചാണ് ഞാനിത് പറയുന്നത്..ഒരിക്കലും ആ മറുപടി എനിക്കു കിട്ടിയില്ല.”പോട്ടേട്ടാ..കളീരെടേന്നാ..”ന്നും പറഞ്ഞ് അവന്‍ ഓടിപ്പോകുമ്പോ എന്റെ പ്രതീക്ഷ്യൊക്കെ സോപ്പുകുമിളകള്‍ പോലെ പൊട്ടിത്തകരും..ഇവനെന്നോടൊരു സ്നേഹോല്ല്യേ?പണ്ട് കളിക്കിടയില്‍ ഒരിക്കല്‍ ഇഅവ്ന്റെ ദേഹത്തേക്കു ചെരിഞ്ഞ വല്യ കാളവണ്ടിചക്രത്തെ ഞാനല്ലേ കൈകള്‍ കൊണ്ട് തടുത്ത് അവനെ രക്ഷിച്ചത്?അന്നു കമ്മ്യൂണിസ്റ്റുപച്ചയുടെ നീരിനപ്പുറം ഇവന്റെ ഹൃദയത്തില്‍ ഒരു നീരുറവ പോലും എന്റ്റെ നേര്‍ക്കുണ്ടായില്ലേ?കൈകള്‍ ചതഞ്ഞപ്പോഴും കമ്യൂണിസ്റ്റുപച്ച യുടെ നീരു പുരട്ടിയപ്പോ പൊള്ളിയപ്പോഴും ഞാന്‍ കൂട്ടുകാരനെ രക്ഷിക്കാനായതിന്റെ ആത്മനിര്‍വൃതിയിലായിരുന്നു..”കൂട്ടുകാരാ ഞെരിയുന്ന കൈവിരല്‍ കോര്‍ത്തു ഞാന്‍ നിന്റെ തേരുരുള്‍ കാക്കിലും ഓര്‍ത്തുവെക്കില്ലൊരിക്കലുമാക്കടം”എന്നു പാടാന്‍ അന്ന് വിജയലക്ഷ്മീടെ കവിത ഞാന്‍ വായിച്ചിട്ടുണ്ടായിരുന്നില്ല.

ഉണ്ണിമോന്‍ എട്ടിലോ മറ്റോ സ്കൂളുമായുള്ള ബന്ധമവസാനിപ്പിച്ചു..പ്രാരാബ്ദങ്ങള്‍ തുടര്‍ന്നുള്ള പഡനത്തെ വഴിമുടക്കി.അഞ്ചു പെങ്ങന്മാര്‍,..ജോലിയില്ലാത്ത അച്ഛന്‍...ഒക്കെക്കൂടി അവനെ ഞെരുക്കി...യൂണിഫോമിട്ട് ഞങ്ങള്‍ സ്കൂളിലേക്കു നടക്കുമ്പോ ഉണ്ണിമോന്‍ ഒരു പഴയ ചോറ്റുപാത്രവും പിടിച്ച് ചിലപ്പോ ഇടവഴിയില്‍ ഞങ്ങള്‍ക്കു മുന്നില്‍ നടക്കും...കല്ലൊരയ്ക്കു പോകാന്‍ തുടങ്ങിയിരുന്നു അവനപ്പോ...ഞങ്ങള്‍ വിളിച്ചാലും കേള്‍ക്കാത്ത പോലെ വേഗം നടക്കും..തലയും കുമ്പിട്ട്...നേരിട്ടു കാണുമ്പോ ഞാന്‍ ചിരിക്കും..ഉണ്ണിമോന്‍ ദേഷ്യത്തോടെ മുഖം തിരിക്കും..അന്നെനിക്കതിന്റെ കാരണം പിടികിട്ടിയിരുന്നില്ല...ഇന്നെനിക്കതറിയാം..കോളേജില്‍ ഇടയ്ക്ക് ചില കുട്ടികളുടെ ചിരികള്‍ മാഞ്ഞു പോകുന്നത് കാണുംമ്പോ ഞാന്‍ ഉണ്ണിമോനെ ഓര്‍ക്കും....

എന്തു വന്നാലും ആ കല്യാണത്തിനു പോണമെന്നു തന്നെ ഞാന്‍ നിശ്ചയിച്ചു...എന്നെ വിളിക്കണ്ട..എന്നാലും പോവും..കോളേജീന്ന് ലീവെടുത്ത് ഞാന്‍ ഉണ്ണിമോന്റെ കല്യാണത്തിനു പോയി...ഒരു ചെറിയ ഹാളിലായിരുന്നു കല്യാണം..എന്നെ കണ്ടപ്പോ ഉണ്ണിമോന്റെ കണ്ണുകള്‍ വിടര്‍ന്നു...അത്ഭുതം കൊണ്ട്...ആ പഴയ ചിരി..കൂടെയുണ്ടായിരുന്ന വധുവിനു എന്നെ പരിചയപ്പെടുത്തിക്കൊടുത്തു...
“ഇത്,....നമ്മടെ വീടിന്റെ അടുത്തുള്ള ടീച്ചറാ...കേരളവര്‍മ്മേലെ...കോളേജിലാ..”വിക്കി വിക്കിയുള്ള ആ വാക്കുകള്‍ക്കിടയില്‍ അവന്‍ പഴയ പോലെ അധികാരത്തോടെ “ദീപേ”എന്നൊന്നു വിളിച്ചിരുന്നെങ്കില്‍ എന്നു ഞാനോര്‍ത്തു...ഇതല്ല ..ഇതല്ല ഞാന്‍..എന്ന് ആ പെണ്‍കുട്ടിയോട് ഉറക്കെ വിളിച്ചു പറയാന്‍ തോന്നി...”എന്റെ കൂട്ടുകാര്യാ”ന്നും പറഞ്ഞ് ഇവനെന്നെ പരിചയപ്പെടുത്താമായിരുന്നില്ലേ??ഞാന്‍ അപമാനിതയായി..അവഗണിക്കപ്പെട്ട അതിഥിയായി...ഉണ്ണിമോന്‍ അമ്മയേയും പെങ്ങന്മാരേയും വിളിച്ച് സ്വീകരണയോഗത്തിനു കൊഴുപ്പു കൂട്ടാന്‍ ശ്രമിച്ചെങ്കിലും പിന്നെ അവിടെ നില്‍ക്കാന്‍ തോന്നിയില്ല..തിരക്കുണ്ട്..കോളേജീപ്പോണമെന്നു പറഞ്ഞ് തിരിഞ്ഞു നടന്നു...മനസ്സു പറയുന്നുണ്ടായിരുന്നു...”വരേണ്ടിയിരുന്നില്ല..വരേണ്ടിയിരുന്നില്ല..”


By,
Deepa Nisanth (Writer)
Asst. Professor
Malayalam Department Since 2011
1996-2003 (Pre Degree, BA Malayalam, MA Malayalam @ Sree Kerala Varma College)

Monday 28 April 2014

ഓര്‍മകളെ സ്മാര്‍ത്തവിചാരം ചെയ്താലോ
ഇങ്ങോട്ടു വിളിക്കുമ്പോള്‍ അങ്ങോട്ടു കുണുങ്ങിപ്പോകുന്ന കുറിഞ്ഞിപ്പുച്ചകളെപ്പോലെയാണവ.
ക്ഷണിക്കാതെ വന്നവരെക്കുറിച്ചും
പറയാതെ പോയവരെക്കുറിച്ചും
ഓര്‍ക്കണം.
കിട്ടിയ സമ്മാനങ്ങളുടെ കണക്കെടുപ്പു നടത്തണം.
ലാഭനഷ്ടങ്ങളുടെ പട്ടികയൊരുക്കണം.
ഇങ്ങനെ ഒര്‍മകളെ അടുക്കിപ്പെറുക്കി
അപ്പുറത്ത് തേച്ചു മിനുക്കിയ
പുതിയ വഴിയൊരുക്കണം
പുതിയ പത്തായത്തിലേയ്ക്ക്.
ഇനിയും വരാനുണ്ട്
കണ്ടറിഞ്ഞവര്‍,
കേട്ടറിഞ്ഞവര്‍,
ഒന്നുമറിയാത്തവര്‍
ചിലര്‍....


Dinsha Dileep
M.A Malayalam
2012-14 Batch

Tuesday 15 April 2014

സുധീര്‍ദാസ്‌ : ഹോസ്‌റ്റല്‍ വിശേഷങ്ങള്‍ (ശ്രീ കേരള വര്‍മ്മ കോളേജ്‌...

സുധീര്‍ദാസ്‌ : ഹോസ്‌റ്റല്‍ വിശേഷങ്ങള്‍ (ശ്രീ കേരള വര്‍മ്മ കോളേജ്‌...



ഹോസ്‌റ്റല്‍ വിശേഷങ്ങള്‍ (ശ്രീ കേരള വര്‍മ്മ കോളേജ്‌, തൃശ്ശൂര്‍)




പറഞ്ഞുകേട്ട കഥകളിലെ ഒരുപാട്‌ രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഒരു ബംഗ്ലാവ്‌
കാണുന്നതു പോലെയായിരുന്നു ആദ്യമായി ശ്രീ കേരള വര്‍മ്മ കോളേജ്‌ ഹോസ്‌റ്റലിന്റെ
മുന്നിലെത്തിയപ്പോള്‍. ഒരുപോലെയുള്ള മൂന്നു കെട്ടിടങ്ങള്‍. മൂന്നിനും മൂന്നു
നിലകള്‍. പൂപ്പലും പായലും പിടിച്ച ചുമരുകള്‍. പ്രേതങ്ങളെ പേടിക്കുമ്പോഴും
പ്രേതകഥകള്‍ ഇഷ്ടപ്പെടുന്നവരില്ലേ. ഞാനും അങ്ങനെ തന്നെയായിരുന്നു. വലിയ കോളേജുകളിലെ
ഹോസ്‌റ്റലുകളെ പറ്റി പേടിപ്പെടുത്തുന്ന കഥകളാണ്‌ കേട്ടിട്ടുള്ളത്‌. പഠിച്ചത്‌
കേരളവര്‍മ്മയിലായിരുന്നുവെന്ന്‌ പറയുമ്പോള്‍ ചില ചേട്ടന്‍മാരുടെ മുഖത്ത്‌ ഞാന്‍
കണ്ടത്‌ അഭിമാനത്തിന്റെ മിന്നലാട്ടമായിരുന്നു. പള്ളീലച്ചന്മാര്‍ നടത്തിയിരുന്ന
കലാലയത്തില്‍നിന്നും അന്തസ്സായി പ്രീഡിഗ്രി പാസ്സായ എന്നെ ബികോമിനായി ഇവിടെ
എത്തിച്ചതില്‍ ആ വികാരത്തിനും ഒരു പങ്കുണ്ടായിരുന്നു. മാനം ഇരുണ്ടുതുടങ്ങിയിരുന്നു.
ഗേറ്റിനപ്പുറം ഭൂമി താഴേക്കിറങ്ങിപോകുന്നതുപോലെ ഒരു ചരിവായിരുന്നു. ആകാംക്ഷയും
കൗതുകവും ഭയവും നിറഞ്ഞ മനസ്സോടെ, തുറന്നിട്ടിരിക്കുന്ന ഗേറ്റിലുടെ, ആ ചരിവിലൂടെ,
ഹോസ്‌റ്റല്‍ കോമ്പൗണ്ടിലേക്ക്‌ കടന്നുപോകുമ്പോള്‍, മൂന്നു ചക്രങ്ങളുള്ള എന്റെ
സൈക്കിളിന്റെ ഹാന്‍ഡിലിലും ബ്രേക്കിലുമായിരുന്നു
ശ്രദ്ധ.



ചരിവിറങ്ങികഴിഞ്ഞപ്പോള്‍ ആദ്യത്തെ പ്രേതത്തെ കണ്ടു. താടിയും മുടിയും
വളര്‍ത്തിയ ചോരകണ്ണുകളുള്ള ഒരു ചേട്ടന്‍. പേടിച്ചുപോയി. പക്ഷെ ഷര്‍ട്ടിടാത്ത
ലുങ്കിയുടുത്ത, ബീഡി വലിക്കുന്ന ആ പ്രേതം എന്നെയൊന്നു തുറിച്ചുനോക്കി. അത്രമാത്രം.
ആ ദേഹം അതുവഴിയങ്ങ്‌ പോയി. അപ്പോഴേക്കും ഞാന്‍ രണ്ടാമത്തെ ചരിവിറങ്ങി രണ്ടാമത്തെ
കെട്ടിടത്തിന്റെ മുന്നിലെത്തിയിരുന്നു. അധികമാരെയും കാണാനില്ല. ഈശ്വരാ ഈ
പ്രേതാലയത്തില്‍ ഒറ്റയ്‌ക്ക്‌ താമസിക്കേണ്ടിവരുമോ എന്ന്‌
ചിന്തിച്ചുതുടങ്ങിയപ്പോഴാണ്‌ പാവമെന്നു തോന്നുന്ന ഒരു സമപ്രായക്കാരന്‍ പയ്യന്‍
കയ്യിലൊരു ബക്കറ്റുമായി മുകളിലേക്കു പോകുന്നത്‌ കണ്ടത്‌.



"ഹോസ്‌റ്റലിന്റെ
ഓഫീസ്‌ ?



"ഓഫീസ്‌ മുകളിലാണ്‌. കേറാന്‍ പറ്റ്വോ ?" പയ്യന്‍ രണ്ടാമത്തെ
നിലയിലേക്ക്‌ കൈ ചുണ്ടിപറഞ്ഞു.



പറ്റുമെന്ന്‌ ഞാന്‍ തലയാട്ടികാണിച്ചു.
മൂന്നുചക്ര സൈക്കിളില്‍നിന്നും ഞാന്‍ കൈകുത്തി ഇറങ്ങുന്നതും ചവിട്ടുകളും വരാന്തയും
കടന്ന്‌ കോണിപ്പടികള്‍ കയറുന്നതും അവന്‍ അത്ഭുതത്തോടെ നോക്കിനില്‍ക്കുന്നത്‌ ഞാന്‍
കാണാതെ കണ്ടു. വേതാളത്തെപ്പോലെ കോണിപ്പടികള്‍ കയറിപ്പോകുന്ന എന്നെ, ഒരുപക്ഷെ അവന്‌
മറ്റൊരു പ്രേതമായി തോന്നിയിട്ടുണ്ടാകും. എന്നെ കണ്ടപ്പോള്‍ ഓഫീസ്‌ മാനേജരും ഞെട്ടി.
മുറിയെടുത്തിട്ടുള്ളത്‌ കാലിനു വയ്യാത്ത ഒരാള്‍ക്കാണ്‌ എന്നറിയാമായിരുന്നുവെങ്കിലും
ഇത്രയും പ്രതീക്ഷിച്ച്‌ കാണില്ല. അദ്ദേഹത്തിന്‌ നൂറു നൂറു സംശയങ്ങളായിരുന്നു. ഞാന്‍
എങ്ങിനെ കുളിക്കാന്‍ പോകും ? ഞാന്‍ എങ്ങിനെ ഭക്ഷണം കഴിക്കാന്‍ പോകും ? അങ്ങനെ നൂറ്‌
നൂറ്‌ സംശയങ്ങള്‍. അതൊന്നും എനിക്കൊരു പ്രശ്‌നമേയല്ലന്നെ്‌ അങ്ങേരെ ഒരു വിധത്തില്‍
പറഞ്ഞു മനസ്സിലാക്കി റൂമിന്റെ താക്കോല്‍ വാങ്ങി തിരിച്ചു പോരുമ്പോള്‍,
വിജനമായിരുന്ന വരാന്തകളില്‍ ആളനക്കങ്ങള്‍ വെച്ചുതുടങ്ങിയിരുന്നു. പലരും തുറിച്ചും
സഹതപിച്ചും നോക്കുന്നുണ്ടായിരുന്നുവെങ്കിലും താഴത്തെ നിലയില്‍ എനിക്കായ്‌ അനുവദിച്ച
ആ മുറി തേടി ഞാന്‍ കിട്ടാവുന്നത്ര വേഗത്തില്‍ വെച്ചുപിടിച്ചു. ആരെയും
കൂസാതെയൊന്നുമല്ല, പേടിച്ചിട്ടായിരുന്നു.



മുറി തുറന്ന്‌ അകത്തു കടന്നയുടനെ
വാതിലടച്ചു. ഒതുക്കിവെക്കാന്‍ കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല. സ്യൂട്ട്‌
കേസില്‍ നിന്നും ഡ്രെസ്സുകള്‍ക്കു മുകളിലായി വെച്ചിരുന്ന കണ്ണാടിയും
ചീര്‍പ്പുമെടുത്ത്‌ മേശപ്പുറത്ത്‌ വെച്ചു. ടൂത്ത്‌പേസ്റ്റും ബ്രഷും സോപ്പും
എടുത്ത്‌ കട്ടിലിനടിയില്‍ വെക്കുമ്പോള്‍ വാതിലില്‍ ഒരു മുട്ട്‌. ഞെട്ടി. ദൈവമേ..
റാഗ്‌ ചെയ്യാന്‍ വന്നവരാണോ ? ഭീഷണികള്‍, അട്ടഹാസങ്ങള്‍, സീനിയേഴ്‌സ്‌, റാഗിംഗ്‌
അങ്ങനെ പലതും ചിന്തിച്ചു. മനസ്സില്‍ നിറയെ പേടിയായിരുന്നു. കട്ടിലിന്‌
അറ്റത്തിരുന്നുകൊണ്ടുതന്നെ വാതില്‍ തുറന്നു. കരിക്ക്‌ ചെത്തിയപ്പോലെ തലയുമായി ഒരു
കരിമുട്ടന്‍. വിയര്‍പ്പും ചെളിയും പൊടിയും നിറഞ്ഞ വേഷം. കഴുത്തിലൊരു
തോര്‍ത്തുമുണ്ടും വിരിഞ്ഞ നെഞ്ചും സിക്‌സ്‌ പാക്കും പിന്നെ ഒരു ബര്‍മൂഡയും.
കളികഴിഞ്ഞ്‌ വിയര്‍ത്തുള്ള വരവാണ്‌. കൂടെ വേറെയാരുമില്ല.



"ന്യൂ അഡ്‌മിഷനാ
?"



"ആ...."



"എന്താ പേര്‌ ?"



പേര്‌ പറയുന്നതിനു മുന്‍പുതന്നെ
അടുത്ത ചോദ്യവും വന്നു.



"ചവിട്ടുപടിയുടെ അടുത്ത്‌ കെടക്കണ സൈക്കിള്‌ വണ്ടി
നമ്മടെയാണോ ?"



"ആ....എന്റെന്ന്യ."



"ഡിഗ്രിക്കാണോ ?"



"ആ..
അതെ."



"ഏതാണ്‌ ?"



"ബികോം. "



കട്ടിലിനു താഴെ വെച്ചിരുന്ന
സോപ്പ്‌ കണ്ടപ്പോള്‍ മൂപ്പര്‌ടെ മുഖത്തൊരു പ്രസാദം. "ആ സോപ്പൊന്നു തര്വോ ? ഒന്നു
കുളിച്ചിട്ട്‌ ഇപ്പോത്തരാം."



ഞാന്‍ സന്തോഷത്തോടെ കൊടുത്തു. എന്റെ മുറിയുടെ
തൊട്ടടുത്തായിരുന്നു കുളിമുറി. അടുത്തിറങ്ങിയ ഒരു അടിപൊളി ഹിന്ദിഗാനം
പാടിതകര്‍ത്തുകൊണ്ടായിരുന്നു അങ്ങേര്‌ടെ കുളി. പൈപ്പില്‍ നിന്നും വെള്ളം വീഴുന്ന
ശബ്ദം നിന്നു. തോര്‍ത്തു കുടയുന്ന ശബ്ദവും കേട്ടു. പിന്നെ കേട്ടത്‌ വേറൊരു
ശബ്ദമായിരുന്നു.



"സോപ്പ്‌ കൊണ്ടുവല്ലേ ഗഢീ... ഞാനും ഒന്ന്‌
കുളിക്കട്ടടാ...."



"ആ പൂതീത്‌ വന്ന കാലിനു വയ്യാത്ത ചുള്ളന്റ്യാട്ടാ. കുളി
കഴിഞ്ഞ്‌ അവന്‌ കൊടുത്തോളോ....."



അടുത്തത്‌ ഒരു പഴയ മലയാള
ഗാനമായിരുന്നു.



പിന്നെ കേട്ടത്‌ മറ്റൊരു ശബ്ദവും ഉറക്കെയുള്ള ഒരു
പച്ചത്തെറിയുമായിരുന്നു.



"ഏതു കു.......... യാടാ കുളിക്കണത്‌. കൊറേ
നേരായല്ലോ."



"മറുപടി ഇങ്ങനെയായിരുന്നു. ഇപ്പോ എറങ്ങാടാ പെ......മോനെ....."
തുടര്‍ന്ന്‌്‌ 'ഓര്‍മ്മകളേ കൈവള ചാര്‍ത്തി' എന്നൊരു ഗാനവും.



ആദ്യം
അനുഭവപ്പെട്ട നിശ്ശബ്ദത കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയായിരുന്നു. ശബ്ദങ്ങള്‍
കൂടിക്കൂടിവന്നു. തമാശയോണോ വഴക്കുകൂടുകയാണോ എന്ന്‌ തിരിച്ചറിയാനാവാത്ത
വര്‍ത്തമാനങ്ങളും ഓളിയും തെറിയും ബഹളങ്ങളും. വീട്ടിലും നാട്ടിലുമൊന്നും അധികം
കേട്ടിട്ടില്ലാത്ത ഭാഷാപ്രയോഗങ്ങളായിരുന്നു അധികവും. പറയുന്നതിലധികവും
തെറികളായിരുന്നുവെങ്കിലും മാന്യതയുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഉണ്ടാകാറാറുള്ള
കൃത്രിമത്വത്തിന്റെ കയ്‌പില്ലാത്ത തികച്ചും സൗഹാര്‍ദ്ദപരവും സ്വാഭാവികവുമായ
മനസ്സുതുറന്നുള്ള ആശയവിനിമയം. എന്നെ അത്‌ വളരെധികം അത്ഭുതപ്പെടുത്തുകയും
ചിന്തിപ്പിക്കുകയും ചെയ്‌തു.



കുറേക്കഴിഞ്ഞപ്പോള്‍ കുളികളും പാട്ടുകളും
വെടികളും തെറികളും നിന്നു. ആ സോപ്പ്‌ മാത്രം പിന്നെ തിരിച്ചുവന്നില്ല.
കാല്‍പ്പെരുമാറ്റങ്ങളും നിന്നപ്പോള്‍ ഞാന്‍ പതുക്കെ വാതില്‍ തുറന്നു. ആരുമില്ല.
വരാന്തയിലെ തിണ്ണയില്‍ കയറി ഇരുന്നു. മുന്നില്‍ പരന്നുകിടക്കുന്ന ചെമ്മണ്‍ നിറമുള്ള
മൈതാനം. അതിനറ്റത്തായി ഒരു മതിലും ചില വീടുകളും കുറച്ചു മരങ്ങളും. ആകാശം
ഓറഞ്ചില്‍നിന്നും ചുവപ്പിലേക്കും പിന്നെ കാപ്പികളറിലേക്കും
മാറികൊണ്ടിരുന്നു.



പിന്നില്‍ ആരോ വന്നുനില്‍ക്കുന്നതുപോലെ. ദേ
മറ്റൊരുത്തന്‍. കാഴ്‌ചയില്‍ കുറച്ചുകൂടി മനുഷ്യപ്പറ്റുള്ളതുപോലെതോന്നി. മുഖത്ത്‌
നിറഞ്ഞ ഒരു ചിരിയുണ്ടായിരുന്നു ഒരു പേടി ഉള്ളിലൊതുക്കി ഞാനും ചെറിയ ഒരു ചിരിച്ചു.
ഞാന്‍ ചിരിക്കുന്നതു കാണുമ്പോള്‍ ഇളയച്ഛന്‍ കളിയാക്കാറുള്ളത്‌ ഓര്‍മ്മവന്നു. "നല്ല
ചിരി, കാക്ക നാളികേരകൊത്ത്‌ കൊണ്ടുപോണ പോലെ" അങ്ങനെയാണ്‌ ഇളയച്ഛന്‍
കളിയാക്കാറുള്ളത്‌. എന്റെ ചിരികണ്ട്‌ മനുഷ്യപറ്റുള്ള ഈ അപരിചിതന്‍ എന്ത്‌
ചിന്തിച്ചുവോ ആവോ. അത്‌ ഒരു പരിചയപ്പെടലായിരുന്നു. ബിരുദാനന്തരബിരുദത്തിനു
പഠിക്കുന്ന ഒരു ചേട്ടനായിരുന്നു. പ്രേതാലയത്തെപോലുള്ള ആ ഹോസ്‌റ്റലിന്റെ
ചിട്ടവട്ടങ്ങളൊക്കെ ആ ചേട്ടന്‍ ചുരുക്കി പറഞ്ഞുതന്നു.



സമയം അപ്പോഴേക്കും
ഏഴരയോ അതിലധികമോ ആയികാണും. ഹോസ്‌റ്റലിനും മൈതാനത്തിനും ഇടയില്‍ മുറ്റം കണക്കെ
വീതികൂടിയ ഒരു നടപ്പാതയുണ്ട്‌. അതിന്റെ അതിന്റെ ഓരത്തായി ചിലര്‍ ഇരിക്കുകയും ചിലര്‍
അക്ഷമയോടെ ഉലാത്തുകയും ചെയ്യുന്നുണ്ട്‌. എന്റെ കൂടെ നില്‍ക്കുന്ന കക്ഷി
ചോദിച്ചു.



" അവരൊക്ക കാത്തിരിക്കുന്നതും അക്ഷമയോടെ നടക്കുന്നതും
എന്തിനാണെന്ന്‌ മനസ്സിലായോ ?" ഞാന്‍ ഇല്ലെന്നര്‍ത്ഥത്തില്‍ തലയാട്ടി.



"ഒരു
മണിനാദത്തിനായുള്ള കാത്തിരിപ്പാണത്‌."



അങ്ങേര്‌ ഒരു തമാശ പറഞ്ഞതുപോലെ
ചിരിച്ചു.. പിന്നെ വിശദീകരിച്ചു. എട്ടുമണിക്ക്‌ രാത്രിഭക്ഷണം കഴിക്കുന്നതിനായി
ബെല്ലടിക്കും അതോടൊപ്പം മെസ്സ്‌ ഹാളിന്റെ വാതിലുകളും തുറക്കും. ഒരു ട്രിപ്പില്‍
ഏകദേശം അമ്പതുപേര്‍ക്കുമാത്രമേ കഴിക്കാന്‍ പറ്റുകയുള്ളൂ. ആദ്യത്തെ ആ അമ്പതുപേരില്‍
ആരൊക്കെ എന്ന ചോദ്യത്തിനുത്തരമാണ്‌ ആ നടക്കുന്നവരും ഇരിക്കുന്നവരും. എനിക്കൊരു
ധൃതിയുമില്ല എന്ന മട്ടില്‍ എങ്ങിനെ ആദ്യമെത്താം എന്നതിലാണ്‌ മിടുക്ക്‌. എല്ലാ
വൈകുന്നേരങ്ങളിലും കാണാറുള്ള ആ രംഗം ആലോചിക്കുമ്പോള്‍ ഇപ്പോഴും എനിക്കു ചിരി
വരും..



"താനെങ്ങനെ..... മെസ്സിലേക്ക്‌ പോകും......" എന്റെ തളര്‍ന്ന കാലുകള്‍
നോക്കി അങ്ങേര്‌ ചോദിച്ചു.



"അതൊന്നും സാരല്ല്യ. ഞാനെന്റെ സൈക്കിളില്‍
വരാം.'



റും പൂട്ടി ഞാനെന്റെ മൂന്നുചക്ര സൈക്കിളിലും അങ്ങേര്‌ നടന്നും.
മെസ്സ്‌ എത്താറായപ്പോഴാണ്‌ മനസ്സിലായത്‌ സൈക്കിള്‍ അങ്ങോട്ട്‌ പോകില്ല. താഴോട്ട്‌
പടികളിറങ്ങിപോകണം. സഹായിക്കണോ എന്ന്‌ കൂടെയുള്ളവര്‍ ചോദിക്കും മുമ്പ്‌ ഞാന്‍
സൈക്കിളില്‍നിന്നും ഇറങ്ങി കൈകള്‍കുത്തി കാലുകള്‍ വലിച്ച്‌ നീങ്ങി പടികളിറങ്ങി.
മെസ്സ്‌ ഹാളിന്റെ ഇറയത്തുകയറിയിരുന്നു. അടിച്ചുവാരികൊണ്ടിരുന്ന ചേച്ചിയും
വിളമ്പുന്നവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവരും കാത്തിരിക്കുന്നവരും എന്നെത്തനെ
നോക്കികൊണ്ടിരിക്കുകയാണ്‌. പെട്ടന്ന്‌ ഒരു ശബ്ദം.



"ചേച്ചിയേ... ദേ വെള്ളം
പോണൂ. നിര്‍ത്ത്‌." പിന്നെ കേട്ടത്‌ ഒരു കൂട്ടച്ചിരിയായിരുന്നു. തൊട്ടപ്പുറത്തെ
ടാങ്കില്‍ നിന്നും വെള്ളം നിറഞ്ഞൊഴുകുന്നത്‌ ഞാനും കണ്ടു. പറഞ്ഞവനെ കടുപ്പിച്ചൊന്നു
നോക്കി അടിച്ചുവാരികൊണ്ടിരുന്ന ചേച്ചി പോയി മോട്ടോറിന്റെ സ്വിച്ച്‌ ഓഫ്‌
ചെയ്‌തു.



അതിലെന്താ കൂട്ടം ചേര്‍ന്ന്‌ ഇത്രമാത്രം ചിരിക്കാന്‍ എന്ന്‌
എനിക്ക്‌ അന്നു മനസ്സിലായില്ല.



വീണ്ടും എല്ലാവരുടെ കണ്ണുകളും
എന്നിലേക്കുതന്നെ തിരിച്ചുവന്നു. ഞാന്‍ എല്ലാവരേയും നോക്കി ഒന്നുചിരിച്ചു. ഒരു
പാവത്താനെപ്പോലെ. എല്ലാവരും എന്നോടു പരിചയപ്പെടാനും സഹായിക്കുുവാനും മനസ്സു
കാണിച്ചു. ഹോസ്‌റ്റലിന്റെ പടി കടന്നപ്പോള്‍ ആദ്യം കണ്ട താടിയും മുടിയും
ചോരകണ്ണുകളുമുള്ള ചേട്ടന്‍ അടുത്തേക്കുവന്നു.



"എന്തിനാ ഇങ്ങോട്ടുവന്നെ ?
ആരോടെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഭക്ഷണം അങ്ങോട്ട്‌ കൊണ്ടുതരില്ലായിരുന്നോ ?"
പ്രേതത്തിന്റെ ഉള്ളില്‍ ഒരു മനുഷ്യനുണ്ട്‌.



"വണ്ടി ഇവിടെവരെ എത്തുംന്നാ
വിചാരിച്ചെ.. സാരല്ല്യ ഞാന്‍ വന്നോളാം." ഞാന്‍ ഒരുവിധം
പറഞ്ഞൊപ്പിച്ചു.



"കുമാരേട്ടാ... ഇയ്യാള്‍ക്കുള്ള ഭക്ഷണം ഏതെങ്കിലും
പയ്യന്‍മാരുടെ കയ്യില്‍ കൊടുത്തയച്ചാ മതി...." ചോരകണ്ണുകളെ പിന്‍തുടര്‍ന്ന്‌ എന്റെ
കണ്ണുകളും കുമാരേട്ടനിലെത്തി.



"അതിനെന്താ........ ഒരു വാക്കു പറഞ്ഞാ
പോരായിരുന്നോ.... നാളെതൊട്ട്‌ ശരിയാക്കാട്ടാ......" ഏറെ നാളായി പരിചയമുള്ള ഒരു സാദാ
നാട്ടിന്‍പുറത്തുകാരനെപ്പോലെ തോന്നി കുമാരേട്ടനെ കണ്ടപ്പോള്‍.



എല്ലാവരും
അവരവരുടെ പ്ലേയ്‌റ്റ്‌ എടുത്ത്‌ ചെന്നിരിക്കണം. എനിക്കുള്ള പ്ലേയ്‌റ്റ്‌
കുമാരേട്ടന്‍ തന്നെ എടുത്തുതന്നു. കൈകകഴുകാനുള്ള വെള്ളവും. പിന്നെ വന്നത്‌ അഞ്ചു
ചപ്പാത്തികളും ഉരുളക്കിഴങ്ങുകറിയും ബീഫ്‌ ഫ്രൈയും. സന്തോഷം കൊണ്ട്‌ എന്റെ
കണ്ണുനിറഞ്ഞു. നല്ല വിശപ്പും. ഓര്‍മ്മവെച്ച അന്നുമുതല്‍ വീട്ടില്‍
സാമ്പത്തികമാന്ദ്യമായിരുന്നതിനാല്‍ നല്ല ഭക്ഷണം കണ്ടാല്‍ ഒരല്‍പ്പം ആവേശം
കൂടാറുണ്ട്‌. തീറ്റക്കിടയില്‍ ചേട്ടന്‍മാരുടെ രസകരമായ ഒരു ഉരുളക്ക്‌ ഒരു ഉപ്പേരി
പോലെയുള്ള ഡയലോഗുകളും തമാശകളും ആസ്വദിച്ചുകൊണ്ടിരുന്നു. ചിലപ്പോള്‍ ചില
ചപ്പാത്തികള്‍, എന്നെ അത്ഭുതപ്പെടുത്തികൊണ്ട്‌, പറക്കും തളികകളെപ്പോലെ അങ്ങോട്ടും
ഇങ്ങോട്ടും പറന്നുകൊണ്ടിരുന്നു. ഭൂമിക്കടിയില്‍ നിന്നും പറന്നുയരുന്ന
ഇയ്യാംപാറ്റകളെ കാക്കകള്‍ പറന്നുകൊത്തിയെടുക്കുന്നതുപോലെ, ചില വിരുതന്‍മാര്‍, ആ
പറക്കും തളികകളെ സമര്‍ത്ഥമായി പിടിച്ചെടുക്കുന്നതും ഞാന്‍ കണ്ടു. വയറു നിറഞ്ഞവര്‍
ബാക്കിവന്ന ചപ്പാത്തികള്‍ വയറുനിറയാത്തവനുമായി പങ്കുവെക്കുന്ന കാഴ്‌ച്ചയും ഞാന്‍
നന്നായി ആസ്വദിച്ചു. എന്റെ തൊട്ടപ്പുറത്ത്‌ കറുത്തവര്‍ഗ്ഗക്കാരനായ ഒരു
വിദേശിയായിരുന്നു ഇരുന്നിരുത്‌. അങ്ങര്‌ എന്റെ ചിരി പങ്കുവെച്ചു. മാര്‍ട്ടിന്‍
ലൂതര്‍കിങ്ങിന്റെ "ഐ ഹാവ്‌ എ ഡ്രീം" ഓര്‍മ്മിച്ചുകൊണ്ട്‌ ഞാന്‍
ചോദിച്ചു.



"യു നോ മലയാളം ?"



"ഒണ്‍ലി സം വേര്‍ദ്‌സ്‌, ബട്ട്‌ ഐ കേന്‍
അന്തര്‍സ്‌റ്റാന്ത്‌്‌. ആര്‍ യു ന്യൂ സ്‌തുഡന്റ്‌ ഹിയര്‍ ?



"യെസ്‌. ഫസ്റ്റ്‌
ഇയര്‍ ബികോം.



"ഓ. കെ. ത്രസ്റ്റ്‌ മി. ഐ വില്‍ ഗിവ്‌ യു സം അദ്‌വൈ്‌സ്‌.
ഡോന്ത്‌്‌ ത്രസ്‌റ്റ്‌ എനി ഓഫ്‌ ദീസ്‌ ഗൈസ്‌. ദെ വില്‍ മെയ്‌ക്ക്‌ ഫണ്‍ ഓഫ്‌ യു
എനിവേര്‍...എനിടൈം. ഓ...കെ..."



" ഡു യു ഹാവ്‌ എനി ബാഡ്‌ എക്‌സ്‌പീരിയന്‍സ്‌.
"



"യാ. യാ. വെരി വെരി ബാദ്‌ എക്‌സ്‌പീരിയന്‍സസ്‌. ഫസ്‌ത്‌ തൈം വെന്‍ ഐ കെയിം
തു ദിസ്‌ പ്ലേയ്‌സ്‌..... ഐ ആസ്‌ക്‌ദ്‌്‌ എ സ്‌തൂദന്‍ന്ത്‌... വാട്ട്‌ ഈസ്‌ ദിസ്‌
ഐത്തം കോല്‍ദ്‌...." അദ്ദേഹം ഒരു ചപ്പാത്തി ഉയര്‍ത്തികാണിച്ചുകൊണ്ട്‌ പറഞ്ഞു. "
ദെന്‍ ഹി തോള്‍ദ്‌ മി ഇത്തീസ്‌ കോള്‍ദ്‌ _________ " അദ്ദേഹം പലതവണ
ആവര്‍ത്തിച്ചിട്ടാണ്‌ അവസാനത്തെ വാക്ക്‌ എനിക്കുതന്നെ പിടികിട്ടിയത്‌.
സ്‌ത്രീലിംഗത്തില്‍ മലയാളികള്‍ ഉപയോഗിക്കുന്ന ഒരു പച്ചത്തെറിയായിരുന്നു ആ വാക്ക്‌.
ആ പാവം വിദേശിയെ ആ പയ്യന്‍ പറ്റിച്ച കഥയുടെ ചുരുക്കം ഇങ്ങനെയായിരുന്നു. ചപ്പാത്തിയെ
മലയാളത്തില്‍ വിളിക്കുന്ന പേര്‌ മാത്രമല്ല, വിളമ്പാന്‍ നില്‍ക്കുന്ന മെസ്സിലെ
ജീവനക്കാരന്റെ പേരും തെറ്റായാണ്‌ പറഞ്ഞുകൊടുത്തത്‌. അതാണെങ്കിലോ പുരുഷ ജനനേന്ദ്രിയം
എന്നര്‍ത്ഥം വരുന്ന മലയാളത്തിലെ മറ്റൊരു പച്ചതെറിയും. ആ പയ്യന്റെ വാക്കുകള്‍
വിശ്വസിച്ച വിദേശി മെസ്സിലെ ജീവനക്കാരന്റെ പേര്‌ (ഏതോ വിരുതന്‍ പറഞ്ഞുകൊടുത്ത
പച്ചതെറി) വിളിക്കുകയും അടുത്തേക്ക്‌ വരാന്‍ പറയുകയും ചെയ്‌തു. ആംഗ്യം
കാട്ടിയതുകൊണ്ട്‌ വിളിക്കുകയാണെന്നു മനസ്സിലായ ജീവനക്കാരന്‍ വിദേശിയുടെ
അടുത്തേക്ക്‌ ചെന്നു. അയാള്‍ വിദേശിയോട്‌ എന്തിനാണ്‌ വിളിച്ചതെന്ന്‌
ആംഗ്യഭാഷയില്‍തന്നെ ചോദിച്ചു. അപ്പോള്‍ വിദേശിക്ക്‌ സംശയമായി. അയാള്‍ വിണ്ടും
ചോദിച്ചു.



"ആര്‍ യു _________ (പുല്ലിംഗത്തിലുള്ള പച്ചതെറി)" ഇംഗ്ലീഷ്‌
പോയിട്ട്‌ കാര്യമായി പഠിപ്പുപോലുമില്ലാത്ത ആ പാവം ജീവനക്കാരന്‍ ആംഗ്യഭാഷയില്‍തന്നെ
വീ്‌ണ്ടും എന്തേന്ന്‌ ചോദിച്ചു. വിദേശി എന്തായാലും കാര്യത്തിലേക്ക്‌
കടന്നു.



"ഓ.കെ. ഓ.കെ. ഐ നീദ്‌ വണ്‍ മോര്‍ _________ ( സ്‌ത്രീലിംഗത്തിലുള്ള
പച്ചതെറി)."



ജീവനക്കാരന്‌ മനസ്സിലാവാതെ വന്നപ്പോള്‍ വിദേശി വീണ്ടും അതുതന്നെ
ആവര്‍ത്തിച്ചു. പിന്നെയും മനസ്സിലാകാതെ വന്നപ്പോള്‍ വിദേശി അടുത്തിരുന്നയാളുടെ
പ്ലേയ്‌റ്റിലെ ചപ്പാത്തി ചൂണ്ടികാണിച്ചു.



"ദോന്ത്‌ യു അന്തര്‍സ്‌താന്ത്‌്‌,
ഐ നീദ്‌ വണ്‍ മോര്‍ __________ ( സ്‌ത്രീലിംഗത്തിലുള്ള
പച്ചതെറി)."



എല്ലാവരും കറുത്ത വിദേശിയുടെ തെറി പ്രയോഗം കേട്ട്‌ ചിരിച്ച്‌
ചിരിച്ച്‌ മണ്ണുകപ്പിയെന്നാ കേട്ടത്‌. വിളിച്ചത്‌ തെറിയായിരുന്നു എന്നു മനസ്സിലായ
മെസ്സ്‌ ജീവനക്കാരന്‍ ആ കറുത്ത വിദേശിയെ തല്ലാന്‍ പോയെന്നും. ഒരാളുടെ പേര്‌
വിളിച്ച്‌ ഒരു ചപ്പാത്തി വേണമെന്നു പറഞ്ഞതിന്‌ എന്തിനാണ്‌ തല്ലാന്‍ വരുന്നതെന്ന്‌
ചോദിച്ച്‌ വിദേശി ചൂടായെന്നും എല്ലാവരും കൂടി അവരെ പിടിച്ചുമാറ്റിയെന്നും ഏതോ ഒരു
വിരുതന്‍ വിദേശിയെ പറഞ്ഞു പറ്റിച്ചതാണെന്ന്‌ ബോധ്യപ്പെടുത്തിയെന്നും കേട്ട്‌
എനിക്ക്‌ ചിരിപൊട്ടി.



" യു ലോഫിംഗ്‌. ഐയാം തെല്ലിംഗ്‌ യൂ. ദോന്ത്‌്‌
ത്രസ്‌റ്റ്‌ ദീസ്‌ ഗൈസ്‌. ദേ യാര്‍ റിയലി ക്രേയ്‌സി. "



ഞാന്‍
ചിരിച്ചുകൊണ്ട്‌ തലയാട്ടി. കഥയോടൊപ്പം ചപ്പാത്തിയും തിന്നുതീര്‍ത്ത വിദേശി
കൈകഴുകാന്‍ പോയി. എന്റെ ആര്‍ത്തിയും മുന്ന്‌ ചപ്പാത്തികളില്‍ അവസാനിച്ചു. ബാക്കി
രണ്ടെണ്ണം പറക്കും തളികകളായി പറന്നുയര്‍ന്നു. വിശപ്പ്‌ കൂടുതലുള്ളവര്‍ അവ
പിടിച്ചെടുത്ത്‌ അകത്താക്കി. എനിക്കു കൈ കഴുകാന്‍ കുമാരേട്ടന്‍ ഒരു മഗ്ഗില്‍ വെള്ളം
കൊണ്ടുവന്നു. കൈകഴുകി മുഖമുയര്‍ത്തി നോക്കിയപ്പോള്‍ കണ്ടത്‌ എന്റെ സോപ്പ്‌
വാങ്ങിപ്പോയ കരിമുട്ടനെയായിരുന്നു. എന്നെ കണ്ടപ്പോള്‍ മൂപ്പര്‌ വേറെയാരെയോ നോക്കി
പറഞ്ഞു.



"ടാ മുരള്യേ.... നീ ഇങ്ങേര്‌ടെ സോപ്പ്‌ കൊടുത്തില്ലേടാ." മുരളി
രാജുവിനോടും രാജു സുരേഷിനോടും പിന്നെ അവര്‍ മാറി മാറി പലരോടും ഇതുതന്നെ
ചോദിച്ചുകൊണ്ടിരുന്നു. അടുത്തിരുന്ന ഒരുത്തന്‍ ചിരിച്ചുകൊണ്ട്‌
പറഞ്ഞു.



"ഇവിടെ ഇങ്ങനെയൊക്കെയാടാ... ഒക്കെ വഴിയെ
മനസ്സിലായിക്കോളും."



ഭക്ഷണശേഷം കുറച്ചുനേരം എല്ലാവരും ടെലിവിഷനില്‍
ഫുട്‌ബാള്‍ മാച്ച്‌ കണ്ടിരുന്നു. ഏതോ രണ്ട്‌ ഇംഗ്ലീഷ്‌ ക്ലബുകള്‍ തമ്മിലുള്ള
മത്സരമായിരുന്നു. കളി ടിവിയിലായിരുന്നുവെങ്കിലും വാശി പുറത്തായിരുന്നു.
എതിര്‍ടീമിന്റെ കുറ്റങ്ങളും കുറവുകളും പറഞ്ഞും പരിഹസിച്ചും കൂവിയാര്‍ത്തും
ഉഗ്രന്‍പോര്‌. ടിവിയിലെ കളിയില്‍ ഒടുവില്‍ ഒരു ടീം ജയിച്ചു. പുറത്തെ കളിയില്‍
വാടാ....... പോടാ...... കാണാമായിരുന്നു...... കാണിച്ചേനെ....
തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ സമനിലയായിരുന്നു ഫലം.



തിരിച്ച്‌
റൂമിലെത്തിയപ്പോള്‍ സമയം പാതിരയോടടുത്തുകാണും. ആദ്യം പ്രേതാലയം പോലെതോന്നിയ ആ
ഹോസ്‌റ്റലിനുള്ളിലെ മുന്നുവര്‍ഷത്തെ എന്റെ ജീവിതത്തിന്റെ തുടക്കമായിരുന്നു അത്‌്‌.
പിന്നെ എത്രയോ അനുഭവങ്ങളും പാഠങ്ങളും. ആ ഹോസ്‌റ്റലിലെ എന്റെ ആദ്യരാത്രിയെ
ഉറക്കത്തിലേക്ക്‌ തള്ളിവിടും മുന്‍പ്‌ മുറിയുടെ മുന്നിലുള്ള തിണ്ണയില്‍ മലര്‍ന്ന്‌
കിടന്ന്‌ ആകാശത്തേയും നക്ഷത്രങ്ങളേയും നോക്കികിടന്ന്‌ ആ ദിവസത്തെ ഓര്‍മ്മകള്‍
ഒരിക്കല്‍കൂടി അയവിറക്കി. ഒന്നാം ക്ലാസ്സ്‌ മുതല്‍ തുടങ്ങിയ എന്റെ ഹോസ്‌റ്റല്‍
ജീവിതത്തില്‍ ശ്രീ കേരള വര്‍മ്മ കോളേജ്‌ ഹോസ്‌റ്റല്‍ മൂന്നാമത്തേതും
ഒടുവിലത്തേതുമാണ്‌. പക്ഷേ അനുഭവങ്ങളുടെ എണ്ണത്തിലും കാഠിന്യത്തിലും കേരള വര്‍മ്മ
ഹോസ്‌റ്റലിനാണ്‌ എന്നും ഒന്നാം സ്ഥാനം. എന്നെ ഒരുപാട്‌ ചിരിപ്പിക്കുകയും
ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ഒട്ടേറെ വേളകള്‍. എന്നെ ഞാനാക്കി മാറ്റിയ ആ
അസുലഭ വേളകള്‍ എനിക്കു സമ്മാനിക്കുവാന്‍ നിമിത്തമായ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ
നന്ദി.



സുധീര്‍ദാസ്‌

Thursday 27 March 2014

വിനീതിന്റെ കവിതകൾ : ദയാവധം

വിനീതിന്റെ കവിതകൾ : ദയാവധം:



കോമാ സ്റ്റേജിൽ കിടന്നിരുന്ന

എന്റെ പ്രണയം എണീറ്റ്‌ വന്ന്

എന്റെ ഹൃദയത്തിൽ ചുരണ്ടുന്നു...



അതിനെ ഞാൻ മറവി

ത്താഴിട്ടു പൂട്ടി...



സാരമില്ല നിനക്ക്‌ ഞനൊരു

ദയാ വധം ശരിപ്പെടുത്താം..

Wednesday 26 February 2014

മാറുന്ന അക്ഷരങ്ങള്‍

പൂക്കളുടെ പുസ്തകം:


മാറുന്ന അക്ഷരങ്ങള്‍  

                                     ഒരു ചുവന്ന പൂവിന്‍റെ --
                                     ദലങ്ങള്‍ കൊഴിഞ്ഞപ്പോഴാണ്
                                     എന്നിലെ  അമ്പത്തൊന്നക്ഷരങ്ങള്‍ -
                                     പിഴച്ചത് .
                                     ലിഖിതമുദ്രകള്‍ പഴകിയപ്പോള്‍ ,
                                     ചില്ലുകള്‍ ഉടഞ്ഞു .
                                     വട്ടെഴുത്തും കോലെഴുത്തും -
                                     വംശനാശം വന്ന,
                                     സിംഹവാലന്‍കുരങ്ങുകളാണ് .
                                      അമ്പത്തൊന്നക്ഷരാളികള്‍
                                      മുത്തശ്ശികഥയായപ്പോള്‍ ,
                                      പുതിയ ഓര്‍മ്മപ്പെടുത്തലുകളുണര്‍ത്തി -
                                      സമ്മര്‍ദരാഷ്ട്രീയങ്ങള്‍ ,
                                      ഇരകളെ സൃഷ്ട്ട്ടിച്ചുകൊണ്ട് -
                                      നവവേദികകള്‍ ഒരുക്കി .
                                      നിയമപ്പ ലകകള്‍ ഭാരമേറി ,
                                      ഇടതുവശത്തേക്കുചരിഞ്ഞു .
                                      അപ്പോള്‍ തെക്ക് നിന്ന് വടക്കോട്ട്‌ -
                                      നടത്തിയ യാത്രകള്‍ ,
                                      ആരെയോ ഒന്നുകുലുക്കി -
                                      നിലം പതിപ്പിച്ചു .
                                      ഇപ്പോഴും ഭാഷകുതുകികള്‍ -
                                      തര്‍ക്കത്തിലാണ് .
                                      മലയാളഭാഷയില്‍ -
                                      അമ്പത്തൊന്നക്ഷരങ്ങള്‍
                                      തിരുത്തപ്പെട്ടിരിക്കുന്നു .
                                      പുതിയകണക്കവതരിപ്പിക്കുന്നതിനു മുന്‍പ് ,
                                      ഒന്നു നിശബ്ദമാകു -
                                      ഇപ്പോഴും ആരൊക്കെയോ -
                                      യാത്രയിലാണ് .







                                                                                                                      രമ്യ പവനന്‍   



By,

    Remya Pavanan

    B A & M A Malayalam

    2008-13 Batch

Saturday 22 February 2014

വീട്ടാനാകാത്ത ചില കടങ്ങള്‍

ഒരിക്കല്‍ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ബസ്സില്‍ പോയി പഠിക്കുക എന്നതായിരുന്നു.പത്താം ക്ലാസ്സു വരെ വീടിനടുത്തുള്ള സ്കൂളിലേക്ക് എന്നും നടന്നാണ് പോയിരുന്നത്.ഓരോ തവണ നടന്നു പോകുമ്പോഴും ഞാനാ സ്കൂളിനെ ശപിക്കുമായിരുന്നു.എന്റെ വീടിനടുത്ത് ഈ നശിച്ച സ്കൂളില്ലായിരുന്നെങ്കില്‍ എനിക്കും ബസ്സില്‍ പോയി പഠിക്കാമായിരുന്നല്ലോ എന്നോര്‍ത്ത് സ്കൂളിലേക്കുള്ള ഇടവഴികളെ പലപ്പോഴും പഴിക്കാറുണ്ട്.

നാട്ടിന്‍പുറത്തെ ആ സ്കൂളില്‍ നിന്ന് കേരളവര്‍മ്മ കോളേജിലേക്ക് പറിച്ചു നട്ടപ്പോള്‍ ലോകം കീഴടക്കിയ ആഹ്ലാദമായിരുന്നു.ബസ്സില്‍ സൈഡ് സീറ്റിലിരുന്ന് പുഴക്കല്‍ പാടത്തൂന്നടിക്കുന്ന കാറ്റില്‍ ശ്വാസം മുട്ടി ഇടയ്ക്ക് കൈകള്‍ കൊണ്ട് ചെവിയടച്ചും തുറന്നുമുള്ള മധുരമനോഹരയാത്ര സ്വപ്നം കണ്ട എനിക്ക് ആദ്യത്തെ ഒരാഴ്ച കൊണ്ട് തന്നെ ബസ് യാത്ര വിദ്യാര്‍ത്ഥികള്‍ക്ക് അത്ര സുഖകരമല്ലെന്ന സത്യം ബോധ്യപ്പെട്ടു.കാട്ടുമുല്ലയും കോളാമ്പിപ്പൂക്കളും വീണു കിടക്കുന്ന ഇടവഴിയിലൂടെ (മുല്ലപ്പറമ്പ് എന്നായിരുന്നു ആ വഴിയുടെ ഇരട്ടപ്പേര്)സ്കൂളിലേക്ക് നടന്നു പോയിരുന്ന ആ പഴയകാലം എത്ര മനോഹരമായിരുന്നെന്ന് എനിക്ക് അന്നാണ് മനസ്സിലായത്.ബസ്സിലെ കമ്പിയില്‍ തൂങ്ങിക്കിടന്ന് യാത്ര ചെയ്യുമ്പോള്‍ ഇനിയൊരിക്കലും ആ പഴയ കാലം തിരികെ കിട്ടില്ലല്ലോന്നോര്‍ത്ത് ഉള്ളില്‍ വേദന തികട്ടി വരുമായിരുന്നു.

കേരളവര്‍മ്മയില്‍ അന്നൊക്കെ പ്രീഡിഗ്രിക്കാര്‍ക്ക് ക്ലാസ്സ് ഉച്ചക്കായിരുന്നു.ഒന്നു മുതല്‍ അഞ്ചു വരെയാണ് ക്ലാസ്സ്.ക്ലാസ്സ് വിട്ട് പടിഞ്ഞാറേ കോട്ടയിലെ സ്റ്റോപ്പിലേക്ക് നടന്നെത്തുമ്പോഴെക്കും അഞ്ചരയാകും.ബസ്സ് കിട്ടി വീട്ടിലെത്തുമ്പോഴെക്കും ആറ് മണി..അതായിരുന്നു പതിവ്.

നല്ല മഴക്കാറുള്ള ദിവസമായിരുന്നു അന്ന്.ബസ്സ്റ്റോപ്പിലെത്തുമ്പോഴേക്കും ഇരുട്ട് പരക്കാന്‍ തുടങ്ങിയിരുന്നു.ഉള്ളിലെ ഭയവും ഒപ്പം പരക്കാനാരംഭിച്ചിരുന്നു.ബസ്സുകളൊന്നും നിര്‍ത്തുന്നില്ല.ഒടുവില്‍ തൃശ്ശൂര്‍-ഗുരുവായൂര്‍ എന്ന ബോര്‍ഡ് കണ്ട് ഒരു ബസ്സില്‍ ചാടിക്കയറി.(എന്റെ വിജ്ഞാനചക്രവാളത്തില്‍ ഗുരുവായൂര്‍ എന്റെ വീടിന്റെ മുന്നിലൂടെ മാത്രം പോകാന്‍ കഴിയുന്ന ഒരു അത്യപൂര്‍വമേഖലയായിരുന്നു!!!)ഗുരുവായൂര്‍ക്ക് എന്റെ വീടിന്റെ മുന്നിലൂടെയല്ലാതെ ഒരു വഴിയും വേറെയില്ലെന്നാണ് എന്റെ ധാരണ.

ബസ്സ് പുറപ്പെട്ടപ്പോഴേക്കും മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങിയിരുന്നു.ഷട്ടറുകളെല്ലാംതാഴ്ത്തിയിട്ടിരിക്കുന്നതു കൊണ്ട് ഒന്നും കാണാനും വയ്യ.ആകെ ഇരുട്ട്.തകര്‍ത്തു പെയ്യുന്ന മഴയുടെ ആരവം ബസ്സിനേക്കാള്‍ വേഗത്തില്‍ കാതുകളിലേക്കിരച്ചു കയറുന്നുണ്ടായിരുന്നു.ഞാന്‍ നില്‍ക്കുകയാണ്..ആ നീണ്ട ബാഗും കൂട്ടിപ്പിടിച്ച്..ഇരിക്കാന്‍ സീറ്റ് ഒഴിവുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ ഇരിക്കാന്‍ പാടില്ലെന്ന അലിഖിതനിയമം ഉള്ളതു കൊണ്ട് ഞാന്‍ ഇരുന്നില്ല.അപ്പോഴാണ് "അവിടിരുന്നോ കുട്ട്യേ"എന്നൊരു ശബ്ദം കേട്ടത്.നോക്കിയപ്പോ ബസ്സിലെ കിളിയാണ്.ഒരു സീറ്റ് ചൂണ്ടിക്കാട്ടി ഇരുന്നോളാന്‍ പറയുന്നു.കിളികളിലും വിശാലഹൃദയരോ!!!!!!!ആദ്യമായാണ് ഇത്തരമൊരനുഭവം.ഞാന്‍ അയാള്‍ നില്‍ക്കുന്നതിനു തൊട്ടു പിന്നിലുള്ള സീറ്റിലിരുന്നു.പുറത്തെ കാഴ്ചകളൊന്നും കാണാന്‍ കഴിയാത്തതു കൊണ്ട് സ്ഥലമെവിടെയാണെന്ന് ഒരു പിടിയും കിട്ടിയില്ല.അന്നൊക്കെ ഞാന്‍ ഇറങ്ങേണ്‍ട സ്ഥലം തിരിച്ചറിഞ്ഞിരുന്നത് ചില അടയാളങ്ങള്‍ നോക്കി വെച്ചാണ്.അല്ലെങ്കില്‍ കിളിയോ കണ്ടക്ടറോ ഒറക്കെ വിളിച്ചു പറയുന്നതു കേള്‍ക്കുമ്പോള്‍..മഴയുടെ ഇരമ്പലില്‍ പല സ്ഥലങ്ങളുടേയും പേരുകള്‍ കേള്‍ക്കാന്‍ കഴിയുന്നില്ല.ബസ്സില്‍ പുരുഷന്മാര്‍ നിറയാന്‍ തുടങ്ങി.എനിക്കപരിചിതമായ ചില സ്ഥലങ്ങളുടെ പേരുകള്‍ വിളിച്ചു പറയാന്‍ തുടങ്ങിയപ്പോഴാണ് അങ്കലാപ്പായത്.സമയം നോക്കിയപ്പോ ആറരയാവാറായിരിക്കുന്നു.ഈശ്വരാ..!ഇതെന്താ എത്താത്തേ?എനിക്ക് പേടിയായി..പകച്ച് പകച്ച് ഞാന്‍ കിളിയോട് ചോദിച്ചു "പേരാമംഗലം എത്ത്യാ?"അയാള്‍ അമ്പരപ്പില്‍ എന്നെ നോക്കി "കുട്ടി എവടെ നോക്കീട്ടാ കേറ്യേ?ഇത് പാവര്‍ട്ടി വണ്ട്യല്ലേ?"എന്ന് കേട്ടപ്പോഴെക്കും "അയ്യോ ഇതെങ്ങ്ടാ പോണേ"ന്നും ചോദിച്ച് ഞാന്‍ ചാടി എണീറ്റു കഴിഞ്ഞു."പാവര്‍ട്ടി എത്താറായി കുട്ട്യേ..ഇത് അമല വഴി തിരിയണ വണ്ട്യാ"എന്നു പറഞ്ഞപ്പോഴേക്കും ഞാന്‍ കരയാനാരംഭിച്ചു കഴിഞ്ഞിരുന്നു..ആളുകളൊക്കെ ശ്രദ്ധിക്കുന്നുണ്ട്..ഞാന്‍ കരച്ചിലടക്കി.."സാരല്യാ..പാവര്‍ട്ടി എത്തീട്ട് മാറിക്കേറ്യാ മതി..അവിടിരുന്നോ"എന്ന അയാളുടെ വാക്കുകള്‍ എന്നെ തെല്ലും സാന്ത്വനപ്പെടുത്തിയില്ല.

പാവറട്ടി സ്റ്റാന്റിലെത്തിയപ്പോഴേക്കും മഴ നിന്നിരുന്നു.പുറത്തേക്കിറങ്ങിയപ്പോള്‍ നല്ല ഇരുട്ട്.വീട്ടില്‍ അന്ന് ഫോണ്‍ കിട്ടീട്ടില്ല..കയ്യില്‍ മൊബൈലില്ലാത്ത കാലം..പരിചയമുള്ള ഒരാളുടേയും നമ്പര്‍ ഓര്‍മ്മയിലില്ല.ഞാനാകെ ഭയന്നു..ചുറ്റും അത്രയൊന്നും സുഖകരമല്ലാത്ത കാഴ്ചകള്‍..മദ്യപിച്ച ചിലരുടെ കമന്റുകള്‍..അശ്ലീലം നിറഞ്ഞ ചിരി..ഒന്നിനും ക്ഷാമമില്ല. "കുട്ടി ദേ ആ കെട്ക്കണ വണ്ടീക്കേറിക്കോളൂ..അത് അമലേടവടക്കുള്ള വണ്ട്യാ..അമലേടവട്ന്ന് പേരാമംഗലത്തേക്കുള്ള വണ്ടി കിട്ടും.."പുറകില്‍ കിളിയുടെ ശബ്ദം.ഞാന്‍ നിരാലംബയെപ്പോലെ ആ ബസ്സിനു നേരെ നടന്നു.കയ്യില്‍ ആകെക്കൂടിയുള്ളത് രണ്ടോ മൂന്നോ രൂപയാണ്.വിദ്യാര്‍ത്ഥികളുടെ യാത്രാ സമയം കഴിഞ്ഞിരിക്കുന്നു.ഫുള്‍ ടിക്കറ്റെടുക്കണം.എന്റെ മുഖം കണ്ട് എന്തോ സംശയം തോന്നിയിട്ടാവണം അയാള്‍ ചോദിച്ചു"പൈസണ്ടാ കയ്യില്?"ഞാന്‍ നിറകണ്ണുകളോടെ തല താഴ്ത്തി.അയാള്‍ ഒന്നും മിണ്ടാതെ പോക്കറ്റില്‍ കയ്യിട്ടു.ഇരുപത് രൂപയുടെ ഒരു മുഷിഞ്ഞ നോട്ടും പിന്നെ കുറച്ച് ചില്ലറയും കയ്യില്‍ കിട്ടി. ചില്ലറ പോക്കറ്റില്‍ തന്നെയിട്ട് അയാള്‍ ആ ഇരുപത് രൂപാനോട്ടെടുത്ത് നീട്ടി.ഞാന്‍ ഒട്ടും മടിക്കാതെ അത് വാങ്ങി.(ലജ്ജ,അഭിമാനം തുടങ്ങിയ വികാരങ്ങള്‍ തികച്ചും സാന്ദര്‍ഭികം മാത്രമാണെന്ന സത്യം അന്നത്തെ പതിനാലുകാരിക്ക് എളുപ്പം ബോധ്യപ്പെട്ടിരിക്കണം)

ഇരുട്ടത്തുള്ള ബസ്സ് യാത്രയോര്‍ത്ത് പിന്നെയും പേടി തോന്നി.വീട്ടിലെ അവസ്ഥ എന്തായിരിക്കുമെന്നോര്‍ത്തപ്പോള്‍ പേടി കൂടി.അമലയില്‍ ബസ്സിറങ്ങി അപ്പുറത്താണോ ഇപ്പുറത്താണോ ബസ്സ് കാത്തു നില്‍ക്കേണ്ടതെന്നു കൂടി എനിക്കറിയുമായിരുന്നില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.ഞാന്‍ പതുക്കെ ബസ്സില്‍ കയറി..ബസ്സ് മുന്നോട്ടെടുത്തു.നിറയെ പുരുഷന്മാര്‍..എന്റെ ഹൃദയമിടിപ്പു കൂടി..കണ്ടക്ടര്‍ വന്നപ്പോ ഞാനാ ഇരുപതു രൂപാ നോട്ടെടുത്ത് നീട്ടി."തന്നിട്ടുണ്ട്"എന്ന് പറഞ്ഞപ്പോ ഞാന്‍ അമ്പരപ്പോടെ പുറകിലേക്കു നോക്കി.പുറകിലത്തെ സീറ്റില്‍ മൃദുവായി ചിരിച്ച് അയാളിരിക്കുന്നു."പേടിക്കണ്‍ടാ..ഈ നേരായില്ലേ..ഞാന്‍ കൊണ്‍ടാക്കിത്തരാം."(ആ വാക്കുകള്‍ കേട്ടപ്പോള്‍ മറിച്ചു ചിന്ത്ഇക്കത്തക്ക സ്ത്രീപീഡനക്കേസുകള്‍ പത്രത്താളുകളില്‍ അന്ന് പ്രത്യക്ഷപ്പെട്ടിരുന്നില്ല)ഞാന്‍ ആശ്വാസത്തോടെ ചിരിച്ചു.എന്റെ അച്ഛന്റെയോ ചേട്ടന്റേയോ കൂടെ യാത്ര ചെയ്യുന്നത്ര സുരക്ഷിതത്വം എനിക്കു തോന്നി.പുറകില്‍ അയാളുണ്‍ടെന്ന ധൈര്യത്തില്‍ പുറത്തെ ഇരുട്ടിനെ ഞാന്‍ കൂസലെന്യേ നോക്കി.

ബസ്സ് അമലയെത്തിയപ്പോ സമയം ഒരു പാട് വൈകിയിരുന്നു.വീട്ടില്‍ എല്ലാവരും പേടിച്ചിരിക്കുകയാവുമെന്നോര്‍ത്തപ്പോള്‍ എനിക്ക് ആധിയായി.വീടെവിട്യാന്ന് അയാള്‍ ചോദിച്ചു.ഞാന്‍ സ്ഥലം പറഞ്ഞു."ഓട്ടോല് പൂവാലേ" എന്ന് പറഞ്ഞ് അയാള്‍ സ്റ്റാന്റിലെ ഒരു ഓട്ടോ വിളിച്ചു.അതില്‍ കയറാന്‍ ഒട്ടും ഭയം തോന്നിയില്ല.അന്നത്തെ കൌമാരക്കാരിക്ക് അയാള്‍ അപ്പോഴേക്കും രക്ഷാദൂതനായി മാറിക്കഴിഞ്ഞിരുന്നു.
വീട്ടിലെത്തുമ്പോള്‍ അമ്പരന്ന മിഴികളോടെ ബന്ധുമിത്രാദികളൊക്കെ മുറ്റത്തുണ്ടായിരുന്നു.ഞാന്‍ ഓട്ടോയില്‍ നിന്നിറങ്ങി വീട്ടിലേക്കോടി.ശകാരം,കരച്ചില്‍തുടങ്ങിയ കലാപരിപാടികളൊക്കെ കഴിഞ്ഞപ്പോഴാണ് ഞാന്‍ അയാളെ ഓര്‍ത്തത്.ഈശ്വരാ..ഒരു നന്ദിവാക്ക് പോലും.....എന്റെ കയ്യിലപ്പോഴും അയാള്‍ തന്ന ഇരുപത്രൊപാനോട്ടുണ്‍ടായിരുന്നു.

പിന്നീട് ഇടയ്ക്കൊക്കെ കോളെജ് വിട്ട് ബസ്സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ബസ്സിന്റെ മുന്‍ വാതിലില്‍ അയാളെ മിന്നായം പോലെ കണ്ടിട്ടുണ്ട്.അയാള്‍ക്ക് കൊടുക്കാനുള്ള ഇരുപത് രൂപ ബാഗില്‍ കുറേക്കാലം കൊണ്ടു നടന്നു..പിന്നെപ്പിന്നെ കാണാതായി.പതിവുതിരക്കുകള്‍ക്കിടയില്‍ മറവിയിലേക്ക് അയാളുടെ മുഖവും മുങ്ങിപ്പോയി.

പഠിച്ച കോളെജില്‍ തന്നെ ജോലി കിട്ടി വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ അയാളെ വീണ്ടും കണ്ടു.കോളേജീന്നുള്ള മടങ്ങിപ്പോക്കിനിടയില്‍ സ്റ്റാന്റില്‍ നിന്നാണ് അന്ന് ബസ്സ് കയറിയത്.ബസ്സിന്റെ ലോഗ്സീറ്റിലിരുന്ന് ടിക്കറ്റിന്റെ പൈസ ബാഗീന്നെടുത്ത് മുഖമുയര്‍ത്തി മുന്നിലേക്കു നോക്കിയപ്പോള്‍ ഡ്രൈവിങ്സീറ്റിലിരിക്കുന്ന മനുഷ്യന്‍ ആര്‍ദ്രമായി എന്നെത്തന്നെ നോക്കിയിരിക്കുന്നു.പെട്ടെന്ന് ഉള്ളിലൊരു മിന്നല്‍ പാഞ്ഞു.എന്റെ മനസ്സും ആര്‍ദ്രമായി.ഞാന്‍ പെട്ടെന്ന് പണ്ടത്തെ പതിനാലുകാരിയായി.ഇരുട്ടില്‍ ഒറ്റക്കായിപ്പോയ കുട്ടി!ക്ലാസ് റൂമുകളിലേയും സൗഹൃദസദസ്സുകളിലേയും വാചാലതയൊക്കെ അമ്പരപ്പിനു വഴിമാറിക്കൊടുത്ത് മൌനത്തിലൊളിച്ചു..ഒന്നും പറയാന്‍ കഴിയുന്നില്ല.കണ്ണ് നിറയുന്നുണ്ട്.അയാളെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ എന്റെ കണ്ണ് നിറയാറുണ്ട്..എന്റെ കണ്ണുനീര്‍ഗ്രന്ഥികള്‍ ഇടയ്ക്ക് അകാരണമായി കര്‍ത്തവ്യനിരതരാകാറുണ്ട്.എന്നെ ലജ്ജ്ജിപ്പിക്കുന്ന ദൌര്‍ബല്യങ്ങളിലൊന്ന്..ഇതങ്ങനെയല്ല..ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന നന്ദിയും സ്നേഹവും കൊണ്ട് ഹൃദയം തുളുമ്പിപ്പോകുകയാണ്..
"മനസ്സിലായാ?"അയാള്‍ ശാന്തമായി ചോദിച്ചു."ഉം"ഞാന്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ തലയാട്ടി..ആ പ്രായത്തിലുള്ള ഒരാളും എന്നെ നോക്കിയിട്ടില്ലാത്തത്ര വാത്സല്യപ്പോടെ അയാള്‍ ചോദിച്ചു."ഇപ്പോ ടീച്ചറാലേ?""ഉം"വീണ്ടും മൂളല്‍.."ഞാന്‍ കാണാറുണ്ട്..ഇടയ്ക്ക്..ബസ്സ് കാത്ത് നിക്കണതും പോണതും.."അയാള്‍ പറഞ്ഞു..ഞാന്‍ വെറുതെ ചിരിച്ചു.."റാങ്ക് കിട്ട്യേന്റേം കല്യാണം കഴിഞ്ഞേന്റേം പടം പേപ്പറീക്കണ്ടിരുന്നു..ഞാന്‍ കുറേപ്പേര്‍ക്ക് കാട്ടിക്കൊടുത്തു..ഞാനറിയണ കുട്ട്യാന്നും പറഞ്ഞ്.."അയാള്‍ നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് പറഞ്ഞു..

അയാളുടെ വാക്കുകള്‍ എനിക്ക് കിട്ടിയ ഏത് സര്‍ട്ടിഫിക്കറ്റിനേക്കാളും വലുതായിരുന്നു.എന്റെ ചെറിയ ചെറിയ നേട്ടങ്ങളില്‍ ..സന്തോഷങ്ങളില്‍ അജ്ഞാതനായ ഒരാള്‍ സന്തോഷിക്കുക..ആ സന്തോഷം മറ്റുള്ളവരുമായി പങ്കു വെക്കുക..ജീവിതത്തിനു എന്തൊരു തിളക്കം..ബഷീര്‍ പറഞ്ഞപോലെ വെളിച്ചത്തിനു എന്തൊരു വെളിച്ചം!

അയാള്‍ എന്റെ ഭര്‍ത്താവിനെക്കുറിച്ചും മക്കളെക്കുറിച്ചുമൊക്കെ ചോദിച്ചു..ചോദിക്കാതെ തന്നെ അയാളുടെ കുടുംബത്തെക്കുറിച്ച് ആഹ്ലാദത്തോടെ പറഞ്ഞു..കുട്ടീടെ പേരിടീല്‍ ചടങ്ങായിരുന്നു തലേന്നെന്നൊക്കെ പറയുന്നതു കേട്ട് ഞാന്‍ വെറുതെ തലയാട്ടുക മാത്രം ചെയ്തു..ക്ലാസ്സില്‍ ടീച്ചറുടെ മുഖത്തേക്ക് നോക്കിയിരിക്കുന്ന സ്കൂള്‍കുട്ടിയെപ്പോലെ..

സ്റ്റാന്റില്‍ നിന്ന് ബസ്സ് പുറപ്പെടേണ്‍ട സമയമായി..അയാള്‍ പതുക്കെ വണ്ടി മുന്നോട്ടെടുത്തു..ഡ്രൈവിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു..ഞാന്‍ പിന്നെ അയാളെ നോക്കിയില്ല...നോക്കിയാല്‍ കരഞ്ഞു പോയേക്കുമെന്നു തോന്നി..അന്നത്തെ ദിവസത്തെക്കുറിച്ചോര്‍ത്ത് പുറത്തേക്കും നോക്കിയിരുന്നു..തെളിഞ്ഞ വെയില്‍ പുറത്തുണ്ടായിരുന്നു...അയാള്‍ തന്ന ഇരുപതുരൂപയുടെ ആ മുഷിഞ്ഞ നോട്ടിനെക്കുറിച്ചോര്‍ത്തു...ബാഗില്‍ പൈസയുണ്ട്...തിരിച്ചു കൊടൂക്കണോ?വേണ്‍ടാ...കൊടൂക്കണ്ടാ...ചില കടങ്ങള്‍ വീട്ടാതെ അവശേഷിപ്പിക്കേണ്‍ടതായിട്ടുണ്ട്..ഒറ്റയ്ക്കിരിക്കുമ്പോള്‍ ഓര്‍ത്തൊന്നു നെടുവീര്‍പ്പിടാന്‍...

(മാഗസിനില്‍ പണ്ടെഴുതീതാണ്...മുഷിപ്പിച്ചെങ്കില്‍ ക്ഷമിച്ചേക്ക്!)



By,
Deepa Nisanth (Writer)
Asst. Professor
Malayalam Department Since 2011
1996-2003 (Pre Degree, BA Malayalam, MA Malayalam @ Sree Kerala Varma College)